ദുബൈയിലെ റമദാൻ സൂഖിലേക്കൊഴുകി സന്ദർശകർ
text_fieldsദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ റമദാൻ സൂഖിലേക്കൊഴുകി സന്ദർശകർ. ദേര ഗ്രാൻഡ് സൂഖിനോട് ചേർന്ന് പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിലാണ് റമദാൻ സൂഖ് ഒരുക്കിയിട്ടുള്ളത്. സൂഖിൽ ഇതുവരെ 1.82 ദശലക്ഷം പേർ സന്ദർശിച്ചുകഴിഞ്ഞു. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിലുണ്ടായത് 12.4 ശതമാനത്തിന്റെ വർധനയാണ്. കഴിഞ്ഞ വർഷത്തേക്കാളും രണ്ട് ലക്ഷത്തിലധികം പേർ ഇത്തവണ സൂഖിൽ എത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
റെക്കോഡ് പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പൈതൃകമായ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മികച്ച അന്തരീക്ഷവും സാമൂഹികവും സാംസ്കാരികവുമായ നിരവധി പരിപാടികളും സംവേദനാത്മകമായ വിനോദ പരിപാടികളും കൊണ്ട് കൂടുതൽ സജീവമാണ് ഇത്തവണത്തെ റമദാൻ സൂഖ്.
സന്ദർശകരുടെ എണ്ണം വർധിച്ചതോടെ പരമ്പരാഗത സൂഖ് ഉടമകൾ, വ്യാപാരികൾ, സംരംഭകർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവർക്ക് വിൽപനയിൽ 35 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. പരമ്പരാഗത പ്രകടനങ്ങൾ, സംവേദനാത്മകമായ മത്സരങ്ങൾ എന്നിവക്കൊപ്പം കരകൗശല വസ്തുക്കളുടെ നിർമാണ വർക്ക്ഷോപ്പുകൾ, പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന കിയോസ്കുകൾ എന്നിവയും ഇത്തവണ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
കമ്യൂണിറ്റി സംരംഭങ്ങളുടെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും വിപണിയുടെ ആകർഷണീയത വർധിപ്പിക്കുന്നു.
മെഹന്തി കോർണർ, ഫേസ് പെയിന്റിങ്, പമ്പരാഗത ജിപ്സം വർക്ക്ഷോപ്പ്, പ്ലാന്റിങ് വർക്ഷോപ്പ്, അറബിക് കാലിഗ്രഫി സെഷനുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവ സൂഖിനെ ഏറെ ആകർഷണീയമാക്കിയിരിക്കുകയാണ്. എമിറേറ്റിലെ ഏറ്റവും പ്രമുഖ വാർഷിക കമ്യൂണിറ്റി, പൈതൃക പരിപാടി എന്ന നിലയിൽ മാർക്കറ്റിന്റെ പദവി ശക്തിപ്പെടുത്താനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളാണ് സന്ദർശകരുടെ അഭൂതപൂർവമായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കുടുംബ ഐക്യം പ്രോത്സാഹിപ്പിക്കുകയും ഇമാറാത്തികളുടെ സാംസ്കാരിക, സാമൂഹിക പാരമ്പര്യങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ‘അൽ വെൽഫ’ സീസണും ഇതോടൊപ്പം ചേർന്നുവന്നത് സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി.
കുടുംബ പങ്കാളിത്തവും സാമ്പത്തിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ വിനോദ, സാമ്പത്തിക പ്രവർത്തനങ്ങൾ പുത്തൻ ഉണർവേകാനും അതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണയേകാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

