പൊതുമാപ്പിന് എത്തുന്നവരിൽ ഏറെയും ടൂറിസ്റ്റ് വിസക്കാർ
text_fieldsദുബൈ: പൊതുമാപ്പിന് ആദ്യ ദിവസങ്ങളിൽ അപേക്ഷയുമായി എത്തിയവരിൽ ഏറെയും വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞവർ. ജോലി അന്വേഷിക്കുന്നതിനാണ് ഇവരിൽ പലരും യു.എ.ഇയിൽ വിസിറ്റ് വിസയിൽ വന്നുചേർന്നത്.
ഒാരോ കമ്പനിയിലും കയറിയിറങ്ങി ജോലി അന്വേഷിക്കുന്ന രീതി പിന്തുടരുന്ന ഇവരിൽ പലർക്കും ജോലി അന്വേഷിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിസിറ്റ് വിസ കഴിഞ്ഞശേഷം രാജ്യത്ത് തുടർന്നതോടെ പിഴ വന്നതാണ് ഇത്തരക്കാർക്ക് വിനയായത്.
യു.എ.ഇയിലെ ഇമിഗ്രേഷൻ നിയമപ്രകാരം വിസിറ്റ് വിസയിൽ രാജ്യത്തെത്തുന്നവർക്ക് വിനോദ സഞ്ചാരമല്ലാതെ തൊഴിൽ തേടാൻ അനുമതിയില്ല. 2022ൽ യു.എ.ഇ തൊഴിലന്വേഷകർക്കായി പ്രത്യേക വിസ ഏർപ്പെടുത്തിയിട്ടുണ്ട്. 60 ദിവസത്തെ മൾട്ടി എൻട്രി ജോബ് സീക്കേഴ്സ് വിസ യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും രാജ്യത്ത് തൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കുന്നതാണ്. ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ഉണ്ടാവണമെന്ന നിബന്ധനയും മറ്റു രേഖകളും ആവശ്യമാണ്.
പൊതുമാപ്പിന് അപേക്ഷിക്കുന്നവരിൽ മറ്റു ചിലർ സ്പോൺസർമാരിൽനിന്ന് ജോലി ഉപേക്ഷിച്ചു പോകുന്നവരാണ്. പിന്നീട് വിസ നിയമവിധേയമാക്കാതെത്തന്നെ ഇതര ജോലികൾ ചെയ്യുന്ന ഇത്തരക്കാരും അപേക്ഷകരിൽ ഏറെയുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് ‘ദ നാഷനൽ’ റിപ്പോർട്ട് ചെയ്തു.
വിസിറ്റ് വിസയിലെത്തിയശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സിറ്റ് പാസ് ലഭിക്കുന്നതിനു മുമ്പ് ടിക്കറ്റെടുക്കരുതെന്ന് കഴിഞ്ഞദിവസം അധികൃതർ നിർദേശിച്ചിരുന്നു. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും 48 മണിക്കൂർ വരെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകാൻ എടുത്തേക്കാമെന്നും അധികൃതർ വ്യക്തമാക്കി. എക്സിറ്റ് പാസ് ലഭിക്കുന്നതിന് ടിക്കറ്റ് ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം റെസിഡന്റ് വിസയുണ്ടായിരുന്നവർക്ക് എക്സിറ്റ് പാസ് ലഭിക്കാൻ കുറഞ്ഞ സമയം മാത്രം മതിയാകും. കാരണം, ബയോമെട്രിക് വിവരങ്ങൾ സിസ്റ്റത്തിൽ ഉണ്ടാകുന്നതിനാലാണിത്. ദുബൈയിൽ 86 ആമിർ സെന്ററുകളും ജി.ഡി.ആർ.എഫ്.എ അൽ അവീർ സെന്ററിൽ ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലുമായി ദിവസവും ആയിരത്തിലേറെ പേർ ഇളവ് ഉപയോഗപ്പെടുത്തുന്നുണ്ട്.
സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും. എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.