ടൂറിസ്റ്റ് വിസ: നിയമം പാലിച്ചാൽ യാത്ര മുടങ്ങില്ല
text_fieldsദുബൈ: സന്ദർശക വിസയിൽ എത്തിയവർ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽനിന്ന് നാട്ടിലേക്ക് തിരികെ പോരേണ്ടി വരുന്നത് അശ്രദ്ധയും നിയമത്തെക്കുറിച്ച അറിവില്ലായ്മയും മൂലം. ഏത് രാജ്യത്തേക്കും സന്ദർശക വിസ അനുവദിക്കുന്നത് ആ രാജ്യത്തെ ഹോട്ടലുകളുടെ (താമസ സൗകര്യം ഏർപ്പെടുത്തുന്നവരുടെ) ഉത്തരവാദിത്തത്തിലാണ്. യു.എ.ഇയിൽ 30 മുതൽ 60 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.
5000 ദിർഹം (1.3 ലക്ഷം രൂപ) അക്കൗണ്ടിൽ ഉണ്ടായിരിക്കുകയും വേണം. തിരികെ പോകാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ഹാജരാക്കണം. ജോലി അന്വേഷിക്കുന്നവരാകരുത്. പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയുണ്ടാകണം. സാധുവായ ആരോഗ്യ ഇൻഷുറൻസ് രേഖകളും കൈവശം വേണം. ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് ആ രാജ്യത്ത് അനുവദിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് പരിശോധനയിൽ കാണിച്ചിരിക്കണം. ഈ നിബന്ധനകൾ പാലിക്കാതെ വന്ന ചിലരെയാണ് കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചതും ചിലരെ തിരികെ കയറ്റിവിട്ടതും.
യു.എ.ഇയിൽ റെസിഡൻസ് വിസയുള്ളവരുടെ കൂടെ വിസിറ്റിങ് വിസയിൽ വന്നവരെ അധികൃതർ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നു. യു.കെ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ അനുവദിക്കുന്ന റെസിഡൻസ് വിസയുള്ളവർക്കും യു.എസ് അനുവദിക്കുന്ന ഗ്രീൻ കാർഡോ വിസിറ്റിങ് വിസയോ ഉള്ളവർക്കും മാത്രമാണ് യു.എ.ഇയിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ പൗരൻമാർക്ക് മാത്രമാണ് ഇ-വിസ അനുവദിക്കാറ്.
നിയമങ്ങൾ ഇങ്ങനെയാണെങ്കിലും ലോകത്തെ പ്രധാന ടൂറിസ്റ്റ് രാജ്യങ്ങളിൽ ഒന്നായ യു.എ.ഇയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് കർശനമായ പരിശോധനകൾ നടക്കാറില്ല. എന്നാൽ, ചില പ്രത്യേക സമയങ്ങളിൽ എമിഗ്രേഷൻ വിഭാഗം കർശന പരിശോധന നടത്തുകയും നടപടിയെടുക്കുകയും ചെയ്യാറുണ്ടെന്ന് യു.എ.ഇയിലെ പ്രമുഖ ട്രാവൽ ഏജൻസികളിലൊന്നായ സ്മാർട്ട് ട്രാവൽ ഉടമ അഫി അഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എമിഗ്രേഷൻ വിഭാഗത്തിനല്ലാതെ വിമാന കമ്പനികൾക്ക് യാത്രാരേഖകൾ പൂർണമായി പരിശോധിക്കാനുള്ള അധികാരമില്ല. എമിഗ്രേഷൻ വിഭാഗം പുറത്തുവിടുന്ന സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾക്ക് യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാം. വിസ അപേക്ഷ സമയത്ത് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് രേഖകൾ ഹാജരാക്കുന്നതിനാൽ തിരിച്ചയക്കുന്നവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കുണ്ട്. എന്നാൽ, പലപ്പോഴും ട്രാവൽ കമ്പനികൾക്ക് ഡമ്മി ടിക്കറ്റുകൾ ഹാജരാക്കിയാണ് വിസ നേടുന്നത്. ഇതുമൂലമാണ് യാത്രക്കാർ വിമാനത്താവളത്തിൽ അകപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

