വിനോദസഞ്ചാര ഗതാഗതം; പുതിയ മാർഗനിർദേശവുമായി ആർ.ടി.എ
text_fieldsആർ.ടി.എ ടൂറിസ്റ്റ് ബസ്
ദുബൈ: വിനോദസഞ്ചാര മേഖലയിലെ ടൂറിസ്റ്റ് ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിന് സാമ്പത്തിക, ടൂറിസം വകുപ്പുമായി സഹകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇതുപ്രകാരം എമിറേറ്റിലെ ടൂറിസം മേഖലയിൽ ഗതാഗത സേവനങ്ങൾ നൽകുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പെർമിറ്റ് നൽകൽ, പെർമിറ്റ് പുതുക്കൽ, ടൂറിസ്റ്റ് വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കൽ, പുതുക്കൽ, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർക്കുള്ള പ്രഫഷനൽ ലൈസൻസ് അനുവദിക്കൽ തുടങ്ങിയ നടപടികളെല്ലാം ഇനി മുതൽ ആർ.ടി.എക്ക് കീഴിലായിരിക്കും നടക്കുക. ഇതിനായുള്ള അപേക്ഷകൾ ആർ.ടി.എയുടെ അംഗീകാരമുള്ള സ്ഥാപനങ്ങൾ വഴിയോ സെന്ററുകൾ വഴിയോ നൽകണം. പ്രാദേശികമായും ആഗോളതലത്തിലും മുൻനിര ടൂറിസം കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ഒരു സംയോജിത വിനോദ സഞ്ചാര ഗതാഗത സംവിധാനം നടപ്പിൽവരുത്തുകയാണ് ഇതുവഴി ആർ.ടി.എ ലക്ഷ്യമിടുന്നത്.
പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിലൂടെ, വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന സേവനങ്ങൾ വർധിപ്പിക്കാനും അവരുടെ സുരക്ഷയും സുഖസൗകര്യങ്ങളും മെച്ചപ്പെടുത്താനും കഴിയും. കൂടാതെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി മേഖലയെ ഫലപ്രദമായി നിയന്ത്രിക്കാനും സംരംഭം ലക്ഷ്യമിടുന്നു.
ദുബൈയിലെ വിനോദസഞ്ചാര ഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 2023ലെ എക്സിക്യൂട്ടിവ് കൗൺസിൽ പ്രമേയം അനുസരിച്ച്, 2025ലെ അഡ്മിനിസ്ട്രേറ്റിവ് തീരുമാനപ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ ആർ.ടി.എ പുറത്തിറക്കിയത്.
വിനോദസഞ്ചാര മേഖലക്ക് ഫലപ്രദമായ ഗതാഗത സംവിധാനങ്ങൾ നൽകുന്ന സേവനങ്ങൾ ആർ.ടി.എയുടെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ടൂറിസം മേഖലയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ കഴിയുന്ന രീതിയിലായിരിക്കും സംവിധാനങ്ങൾ രൂപകൽപന ചെയ്യുക. എമിറേറ്റിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ നേട്ടം ലഭിക്കുകയും ചെയ്യുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

