കാറിന്‍റെ ഡോറിന് മുകളിലിരുന്ന് ഫോട്ടോയെടുത്തു: വാഹനം പിടിച്ചെടുത്ത് ദുബൈ പൊലീസ്
text_fieldsദുബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോറിന് മുകളിൽ ഫോട്ടോ എടുക്കുന്നതിനായി അപകടകരമായ രീതിയിൽ ഇരിക്കുന്ന യുവതിയുടെ വൈറൽ വീഡിയോ ദൃശ്യം പങ്കുവെച്ച് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഒരു യുവതി പൊതുറോഡിലൂടെ വാഹനം ഓടിക്കുമ്പോൾ, കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിയാണ് ഡോറിന് മുകളിൽ നിന്ന് ഫോട്ടോ എടുത്തത്. സോഷ്യൽ മീഡിയ റീലുകൾക്കും വീഡിയോകൾക്കുമായി റോഡുകളിൽ അപകടകരമായ സ്റ്റണ്ടുകൾ കാണിക്കുന്നതിന്‍റെ ‘ദാരുണമായ പ്രത്യാഘാതങ്ങളെ’ക്കുറിച്ചാണ് ദുബൈ പൊലീസിന്‍റെ ശക്തമായ മുന്നറിയിപ്പ്. യാത്രക്കാരി ഫോട്ടോ എടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
പൊതുറോഡുകൾ മറ്റുള്ളവരുടെ സുരക്ഷ പണയപ്പെടുത്തി സ്റ്റണ്ടുകൾ കാണിക്കാനോ റീലുകളോ വീഡിയോകളോ ചിത്രീകരിക്കാനോ ഉള്ള സ്ഥലമല്ലെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ചൂണ്ടിക്കാട്ടി. ‘ ഈ പെരുമാറ്റം നിയമലംഘകരുടെയും മറ്റുള്ളവരുടെയും ജീവനെ ഒരേപോലെ അപകടത്തിലാക്കുന്നു. ഇത് കടുത്ത നടപടികൾക്ക് വിധേയമാകുന്ന ഗുരുതര നിയമലംഘനവുമാണ്. ബോധപൂർവമുള്ള സ്റ്റണ്ടുകളോ ഡ്രൈവിങ്ങിലെ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികളോ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനെ പൂർണമായി അവഗണിക്കുന്നതിന് തുല്യമാണ്’ -അദ്ദേഹം വ്യക്തമാക്കി.
ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലുള്ള ട്രാഫിക് പെരുമാറ്റം ദുബൈ പൊലീസ് വെച്ചുപൊറുപ്പിക്കില്ലെന്ന് ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. ‘ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് പുറത്ത് ഇരിക്കുന്നത് ഗുരുതര പരിക്കുകൾക്കോ മരണത്തിനോ ഉള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് അമിതവേഗതയിലോ വാഹനാപകടം ഉണ്ടാകുമ്പോഴോ ഇത് വളരെ അപകടകരമാണ്. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയോ, ഡ്രൈവർക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വരികയോ, അല്ലെങ്കിൽ റോഡിലെ അപ്രതീക്ഷിത അപകടം ഒഴിവാക്കാൻ വാഹനം വെട്ടിച്ചുമാറ്റേണ്ടി വരികയോ ചെയ്താൽ, അത് ദാരുണമായ അപകടങ്ങളിലേക്ക് നയിച്ചേക്കാം’.
സംഭവം ശ്രദ്ധയിൽ പെട്ടയുടൻ ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ട്രാഫിക്കിലെ പ്രത്യേക സംഘം ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. ‘ഡ്രൈവറെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തിയിട്ടുണ്ട്. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ഈ ഗുരുതരമായ നിയമലംഘനത്തിന് 2,000 ദിർഹം പിഴ ചുമത്തി. 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിൽ 23 ബ്ലാക് പോയന്‍റുകളും ലഭിക്കും. ഫോളോവേഴ്‌സിന്‍റെയോ വ്യൂസിന്‍റെയോ എണ്ണം നോക്കിയല്ല നിങ്ങളുടെ യഥാർഥ അവബോധം അളക്കുന്നത്. ഒരാൾക്ക് സ്വന്തം ജീവിതത്തോടും മറ്റുള്ളവരുടെ ജീവിതത്തോടും ഉള്ള ബഹുമാനം നോക്കിയാണ്. നിമിഷങ്ങൾ മാത്രം നീളുന്ന സ്റ്റണ്ടുകൾ തിരുത്താനാകാത്ത വലിയ ദുരന്തമായി മാറിയേക്കാം’ -’ -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

