അബൂദബിയിൽ വാഹന ഉടമകൾക്ക് ‘ടോൾ സൈൻ അപ്’ സൗകര്യം
text_fieldsഅബൂദബി: ഒക്ടോബർ 15 മുതൽ അബൂദബി നഗരത്തിൽ ടോൾ പ്രാബല്യത്തിലാവുന്നതിെൻറ ഭാഗമായി എമിറേറ്റിന് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഉടമകൾക്ക് ടോൾ സൈൻ അപ് ചെയ്യാനുള്ള സൗകര്യമായി. ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ രൂപകൽപന ചെയ്ത വെബ്പേജ് https://itps.itc.gov.ae/ വഴി വാഹന ഡ്രൈവർമാർക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാർഡിലെ വിവരങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ, നമ്പർ പ്ലേറ്റ് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകി അക്കൗണ്ട് ഉണ്ടാക്കാനാവും. അടുത്ത മാസം പകുതിയോടെ നടപ്പാക്കുന്ന ടോൾ സംവിധാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വെബ്പേജാണിത്.
വാഹനം രജിസ്റ്റർ ചെയ്യാൻ 100 ദിർഹം ഫീസ്
ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് 100 ദിർഹമാണ് ഫീസ്. ഇതിൽ 50 ദിർഹം ഉപഭോക്താവിെൻറ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. റോഡ് ടോൾ അടക്കുമ്പോൾ ഈ തുക ഉപഭോക്താക്കൾക്ക് മടക്കി നൽകും.അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ രജിസ്ട്രേഷൻ ആവശ്യമുള്ളൂ. അബൂദബിയിൽ രജിസ്റ്റർ ചെയ്ത വാഹനം സൈൻ അപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ വാഹന ഉടമകൾക്ക് സ്വയം രൂപകൽപന ചെയ്ത ഒരു അക്കൗണ്ട് ഉണ്ടെന്ന് ഉപഭോക്താവിനെ വെബ്പേജിൽ അറിയിക്കുന്നു. ടോൾ സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി അബൂദബി പൊലീസിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലോഗിൻ ചെയ്യാനുള്ള അക്കൗണ്ടിൽ വിശദമായി രേഖപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.
വേഗം ചെയ്തേക്കൂ, സൈൻ അപ്
അബൂദബിക്കു പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടോൾഗേറ്റ് പ്രാബല്യത്തിലാവും മുമ്പ് സൈൻ അപ് ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമെന്ന് അധികൃതർ. സൈൻ അപ് ചെയ്യാത്തപക്ഷം പിഴ ബാധകമാകും. ടോൾ ഗേറ്റ് കടക്കുന്നതിന് 10 ദിവസം മുമ്പോ അതിനു ശേഷമോ വാഹനം രജിസ്റ്റർ ചെയ്തിരിക്കണം. 10 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷം ആദ്യ ദിവസം 100 ദിർഹം, രണ്ടാം ദിവസം 200 ദിർഹം, മൂന്നാം ദിവസം 400 ദിർഹം എന്ന നിലയിൽ പരമാവധി 10,000 ദിർഹം വരെ പിഴ ഈടാക്കും.
അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാൻ അഞ്ച് ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇതിനുശേഷം പ്രതിദിനം 50 ദിർഹം വീതം പിഴ ബാധകമായിരിക്കും. എന്നാൽ അബൂദബിയിലെ വാഹന ഉടമകൾക്ക് വർഷത്തിൽ അവരുടെ വാഹന രജിസ്ട്രേഷൻ സമയത്ത് ടോൾ അടക്കാനാവും.
നാല് പാലങ്ങൾക്കു സമീപം ടോൾഗേറ്റുകൾ
അബൂദബി െഎലൻഡിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന നാല് പാലങ്ങളിലാണ് ടോൾഗേറ്റ് ഒക്ടോബർ 15 മുതൽ നടപ്പാവുന്നത്. അബൂദബിയിലെ അൽ മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്, ശൈഖ് സായിദ് ബ്രിഡ്ജ് എന്നീ നാല് പാലങ്ങളിലാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അബൂദബി നഗരത്തിൽനിന്ന് വെളിയിലേക്കും പുറത്തുനിന്ന് അബൂദബി സിറ്റിയിലേക്കും വരുന്ന വാഹനങ്ങൾ ടോൾ അടക്കാൻ നിർബന്ധിതരാകും. വെളുത്ത നിറമുള്ള ടോൾ ഗേറ്റുകൾ ഈ നാല് പാലങ്ങൾക്കു സമീപവും സ്ഥാപിച്ചിട്ടുണ്ട്.
ദിവസം പരമാവധി 16 ദിർഹം ടോൾ
ശനി മുതൽ വ്യാഴം വരെ ടോൾ ഗേറ്റ് മുറിച്ചുകടക്കുന്ന വാഹനങ്ങളിൽനിന്ന് നാല് ദിർഹം ടോൾ ഈടാക്കും. വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തിരക്കില്ലാത്ത സമയങ്ങളിലും ടോൾ ഗേറ്റ് കടക്കുമ്പോൾ രണ്ട് ദിർഹം ഇൗടാക്കും. പ്രതിദിനം പരമാവധി ടോൾ ഒരു വാഹനത്തിന് 16 ദിർഹമായിരിക്കും. ശനി മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെയുമാണ് തിരക്കേറിയ സമയമായി നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
