അബൂദബി റോഡുകളിൽ ഇന്നുമുതൽ ടോൾ
text_fieldsദുബൈ: തലസ്ഥാന നഗരിയായ അബൂദബിയിലെ റോഡുകളിൽ പുതുതായി ഏർപ്പെടുത്തിയ ടോൾ സംവിധാനം ഇന്നുമുതൽ നിലവിൽവരും. രാവിലെയും വൈകീട്ടുമായി രണ്ടു മണിക്കൂർ വീതം മാത്രമാണ് ടോൾ ഇൗടാക്കുന്നത്.
തിരക്കേറിയ സമയത്തു മാത്രം എന്ന രീതിയിൽ ടോൾ ഗേറ്റ് സിസ്റ്റം എക്സിക്യൂട്ടിവ് റെഗുലേഷനിൽ ചില ഘടകങ്ങൾ ഭേദഗതി ചെയ്തതായി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പും (ഡി.എം.ടി) അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും (ഐ.ടി.സി) നേരത്തേതന്നെ അറിയിച്ചിരുന്നു.
ശനി മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ 9.00 വരെയും വൈകീട്ട് 5.00 മുതൽ 7.00 വരെയുമാണ് തിരക്കേറിയ സമയമായി നിർണയിച്ചിരിക്കുന്നത്. ഈ സമയത്ത് അബൂദബി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന മാർഗങ്ങളായ ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങൾക്ക് ശനിയാഴ്ച മുതൽ നാല് ദിർഹം വീതം ടോൾനിരക്ക് ഈടാക്കും. പ്രതിദിനം ഓരോ വാഹനത്തിനും പരമാവധി 16 ദിർഹം എന്ന നിലയിൽ നിരക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. അബൂദബി ടോൾ ഗേറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് ഫീസ് കുറക്കും. തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ടോൾ ഈടാക്കുന്നതല്ല.
ഓരോ വാഹനത്തിനും പ്രതിമാസ പണമടക്കലിന് ആദ്യ വാഹനത്തിന് 200 ദിർഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം, മൂന്നാമത്തെ വാഹനത്തിനും ഓരോ അധിക വാഹനത്തിനും 100 ദിർഹം വീതം എന്നിങ്ങനെ നിരക്ക് പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഒരു അപേക്ഷകന് ഒരു വാഹനത്തിന് എന്ന നിലയിൽ ഇളവുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനി വാഹനങ്ങൾക്കും ടോൾ ഗേറ്റ് സംവിധാനത്തിൽ ഇതേ നിരക്ക് ബാധകമാണെങ്കിലും പ്രതിദിനം അല്ലെങ്കിൽ പ്രതിമാസം പരമാവധി ഫീസ് നിയന്ത്രണ പരിധി ലഭിക്കുന്നതല്ല.സീനിയർ ഇമറാത്തി പൗരന്മാർ, നിശ്ചദാർഢ്യ വിഭാഗക്കാർ (ഭിന്നശേഷിക്കാർ), പരിമിത വരുമാനമുള്ള ഇമറാത്തികൾ, സർവിസിൽ നിന്ന് വിരമിച്ച ഇമറാത്തികൾ എന്നിവരെ ടോൾ നിരക്ക് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഡി.എം.ടി, ഐ.ടി.സി അധികൃതർ വ്യക്തമാക്കി. ഈ വിഭാഗങ്ങളിൽ പെടുന്ന വ്യക്തികൾ ഐ.ടി.സിയുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിലെത്തി അവരുടെ എമിറേറ്റ്സ് ഐ.ഡി, വാഹന രജിസ്ട്രേഷൻ കാർഡ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവ സമർപ്പിച്ചാൽ ഇളവ് അഭ്യർഥനക്ക് അപേക്ഷിക്കാനാവും. എല്ലാ ഇളവുകളും ഒരു വർഷത്തേക്ക് മാത്രം സാധുതയുള്ളതായിരിക്കും.
ടോൾ ഒഴിവാക്കിയും യാത്രയാവാം
മറ്റു എമിറേറ്റുകളിൽനിന്ന് വരുന്നവർ ഡർബ് ടോളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ടോളില്ലാതെ യാത്രനടത്താനും സൗകര്യമുണ്ട്. ടോൾ നൽകാതെ നഗരത്തിലേക്കു കടക്കാൻ സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) 'പാർക്ക് ആൻഡ് റൈഡ്'സൗകര്യം ഒരുക്കിയിട്ടുണ്ട്. ദൂരെനിന്ന് വരുന്നവർക്ക് മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഹാമ എന്നിവിടങ്ങളിലെ പാർക്കിങ്ങിൽ വാഹനം നിർത്തിയിട്ട് സൗജന്യ ബസിൽ നഗരത്തിൽ പോയി വരാം. 1000 വാഹനങ്ങൾക്കു പാർക്കു ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

