വിളിച്ചാൽ കിട്ടാത്ത ടോൾ ഫ്രീ നമ്പറുകൾ
text_fieldsദുബൈ: രണ്ട് ദിവസം മുമ്പ് കണ്ണൂർ സ്വദേശിയായ ഒരാളുടെ ഫോണിലേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് വിളി വന്നിരുന്നു. നാട്ടിലേക്കുള്ള യാത്രക്കായി എംബസിയിൽ രജിസ്റ്റർ ചെയ്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആ പാവം മനുഷ്യൻ ബാത്ത് റൂമിൽ കയറിയ സമയത്തായിരുന്നു ഫോൺ എത്തിയത്.
സഹമുറിയനാണ് ഫോൺ എടുത്തത്. അദ്ദേഹം ബാത്ത് റൂമിലാണെന്നറിയിച്ചതും ഫോൺ കട്ടായി. പിന്നീട് എംബസിയിലെയും കോൺസുലേറ്റിലെയും സകലമാന നമ്പറുകളിലും വിളിച്ചെങ്കിലും കിട്ടുന്നില്ല. എന്തിനാണ് വിളിച്ചതെന്നോ തെൻറ അവസരം നഷ്ടമായോ എന്നോ അയാൾക്ക് ഒരു പിടിയുമില്ല. ഇതാണ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്ന ടോൾ ഫ്രീ നമ്പറുകളുടെ അവസ്ഥ. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ സംശയ ദൂരീകരണത്തിന് 800-244-382 എന്ന ടോൾ ഫ്രീ നമ്പറാണ് ഇന്ത്യൻ കോൺസുലേറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇൗ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയവർ അപൂർവമായിരിക്കും. എപ്പോൾ വിളിച്ചാലും നമ്പർ ബിസി.
എന്നാൽ, ആർക്കും മറുപടി കിട്ടുന്നുമില്ല. ഇതോടെ വെബ്സൈറ്റുകളിൽ തിരഞ്ഞ് എംബസിയിലെ മറ്റ് നമ്പറുകളിലേക്ക് വിളിച്ച് നോക്കും. അവിടെയും അവസ്ഥ അതുതന്നെ. ചില സമയത്ത് കോൾ കണക്ടാവുമെങ്കിലും സെറ്റ് ചെയ്തിരിക്കുന്ന ഒാേട്ടാമാറ്റിക് മറുപടിയാണ് ലഭിക്കുക. ഇതിന് പണം നഷ്ടമാവുന്നതായും പരാതിയുണ്ട്. തൃശൂർ സ്വദേശിയായ ഒരാൾക്ക് ആദ്യ ഘട്ടത്തിലെ വിമാനത്തിൽ യാത്ര ചെയ്യാൻ തയാറായിരിക്കണമെന്നറിയിച്ച് ഫോൺ വന്നിരുന്നു. എന്നാൽ, പിന്നീട് ഇതേ കുറിച്ച് ഒരു അറിവുമില്ല. തിരിച്ച് വിളിച്ചിട്ട് കിട്ടുന്നുമില്ല. പലതവണ ഇ-മെയിൽ അയച്ചെങ്കിലും അതിനും മറുപടിയില്ല.
മറ്റൊരാളെ എംബസിയിൽ നിന്ന് വിളിച്ച് ടിക്കറ്റ് റെഡിയാണ് എന്നറിയിച്ചിരുന്നു. എന്നാൽ, തെൻറ വിസ റദ്ദാക്കിയിട്ടില്ലെന്നും ഉടൻ റദ്ദാക്കാമെന്നും അദ്ദേഹം എംബസിയെ അറിയിച്ചു. അന്ന് തന്നെ വിസ റദ്ദാക്കാൻ അപേക്ഷ നൽകുകയും വിസ കാൻസൽ ചെയ്യുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ ഇതേ കുറിച്ച് ഒരു വിവരവുമില്ല. എന്ത് ചെയ്യണമെന്നോ എവിടെ വിളിക്കണമെന്നോ ഇദ്ദേഹത്തിന് അറിയില്ല. ഒരു ദിവസം 50 തവണയെങ്കിലും ടോൾഫ്രീ നമ്പറിൽ വിളിച്ചുനോക്കും. വിസ റദ്ദാക്കിയത് അടക്കമുള്ള വിവരങ്ങൾ വെച്ച് എംബസിയിലേക്കും കോൺസുലേറ്റിലേക്കും കത്തയച്ചിരുന്നു. പരിഗണനയിലുണ്ട് എന്ന് മറുപടി കിട്ടിയത് ആശ്വാസം. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനാൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും സഹമന്ത്രിമാർക്കും കത്തയച്ച് കാത്തിരിക്കുകയാണ് ഇയാൾ. വിസ റദ്ദായതിനാൽ ഇൻഷുറൻസ് പോലും ലഭിക്കുമോ എന്ന പേടി വേറെയും.രജിസ്റ്റർ ചെയ്തവർക്ക് കൺഫർമേഷൻ മെസേജ് ലഭിക്കാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നു. രജിസ്റ്റർ ചെയ്തത് ശരിയായോ എന്നറിയാൻ ഇവർക്ക് ഒരു വഴിയുമില്ല. അപേക്ഷകൾ സബ്മിറ്റ് ചെയ്യുന്നവർക്ക് ഒാേട്ടാമാറ്റിക് ആയി മെസേജ് ലഭിക്കുന്നതിന് വലിയ സാേങ്കതിക വിദ്യകളൊന്നും ആവശ്യമില്ലെന്നിരിക്കെ ഇൗ സൗകര്യം പോലും ഏർപ്പാടാക്കാതെയാണ് കോൺസുലേറ്റ് രജിസ്ട്രേഷൻ നടത്തുന്നത്. മെസേജ് വരാത്തതിനാൽ എന്ന് നാട്ടിലെത്താൻ കഴിയും എന്ന കാര്യത്തിൽ പ്രവാസികളുടെ അനിശ്ചിതാവസ്ഥ തുടരുകയാണ്.