ഷാർജയിൽ വാഹനമിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
text_fieldsഷാർജ: എമിറേറ്റിൽ വാഹമിടിച്ച് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. 14 മാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. അപകട ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റുചെയ്തു. നവംബർ മൂന്നിന് വൈകിട്ട് നാലു മണിയോടെ കുട്ടിയുടെ വീടിന് സമീപത്തായിരുന്നു അപകടം. വീടിനകത്ത് സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അപകടം നടന്ന ഉടനെ ഡ്രൈവർ സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രണ്ട് വയസ്സുകാരനായ സഹോദരന്‍റെ മുമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. സഹോദരൻ ആണ് വിവരം മാതാവിനെ അറിയിച്ചത്. ഇവർ ഉടൻ ഷാർജ പൊലീസിന്‍റെ ഓപറേഷൻസ് റൂമിൽ റിപോർട്ട് ചെയ്യുകയായിരുന്നു. വാസിത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോൾ സംഘം ഉടൻ സ്ഥലത്ത് എത്തുകയും പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്യുന്നതും. പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

