നാളെ യു.എ.ഇയുടെ ദേശീയ ദിനം: രാജ്യമെങ്ങും ആഘോഷം
text_fieldsഅബൂദബി: 54 മത് ദേശീയ ദിനാഘോഷ നിറവിൽ യു.എ.ഇ. ഡിസംബർ രണ്ടിനാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്. ദേശീയദിനത്തിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെങ്ങും ഒരുങ്ങുന്നത്. സ്വദേശികൾക്കൊപ്പം പ്രവാസി സമൂഹവും ആഘോഷങ്ങളുടെ ഭാഗമാകും. കെ.എം.സി.സി, ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഓർമ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകൾ ഈദുൽ ഇത്തിഹാദിനോടുബന്ധിച്ച് വിപുലമായി പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
ദുബൈ കെ.എം.സി.സിയുടെ ഈദുൽ ഇത്തിഹാദ് ആഘോഷങ്ങൾ ഡിസംബർ രണ്ടിന് ദുബൈ മംസാർ ശബാബ് അൽ അഹ്ലി ക്ലബ് ഓപൺ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി അബ്ദുല്ല ബിൻ തൂക് അൽ മർറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. സാദിഖലി ശിഹാബ് തങ്ങൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എന്നിവർ പങ്കെടുക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് ഓർമ കേരളോത്സവം സംഘടിപ്പിക്കുന്നത്. ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് ആഘോഷം. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
ദേശീയ ദിനത്തോടനുബന്ധിച്ച് ഏതാനും ഇന്ത്യന്‍ വിദ്യാലയങ്ങളിലും ഇതര സ്ഥാപനങ്ങളിലും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അവധി നല്‍കിയിരുന്നു. അവധിപ്രമാണിച്ച് ഒരാഴ്ചത്തേക്ക് ഒട്ടേറെപ്പേര്‍ നാട്ടിലേക്ക് പറക്കുകയും ചെയ്തു.
ദേശീയദിനാഘോഷങ്ങള്‍ ഒരാഴ്ച മുമ്പുതന്നെ ആരംഭിച്ചിരുന്നു. ഇന്‍ഡോ -അറബ് ആഘോഷങ്ങളാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം എമിറേറ്റുകളിൽ പാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ധീരസൈനികരുടെ സ്മരണാര്‍ഥം യു.എ.ഇ ഞായറാഴ്ച സ്മാരകദിനം ആചരിച്ചു. അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന് എതിര്‍വശത്തെ വാഹത് അല്‍ കരാമയില്‍ നടന്ന സ്മരണാഞ്ജലിയില്‍ ഭരണാധികാരികളും കര, നാവിക, വ്യോമസേന മേധാവികളും പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ച രക്തസാക്ഷികളുടെ ആത്മശാന്തിക്കായി പ്രാര്‍ഥന നടത്തി.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്ക് സമഗ്ര പരിചരണവും പിന്തുണയും നല്കാന് പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന് കീഴില്‍ ഓഫീസ് ഓഫ് ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ട്ടിയേഴ്സ് ഫാമിലീസ് അഫയേഴ്സ് എന്ന പേരില്‍ പ്രത്യേക വിഭാഗവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 1971 നവംബര്‍ 30ന് യു.എ.ഇയുടെ ആദ്യ രക്തസാക്ഷിയായ സാലം സുഹൈല്‍ ബിന്‍ ഖാമിസിന്റെ സ്മരണാര്‍ഥമാണ് ഈ ദിനത്തെ സ്മാരകദിനമായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

