ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് വാര്‍ഷിക സമ്മേളനം ഇന്നുമുതൽ
text_fieldsദുബൈ: യു.എ.ഇയിലെ ടോസ്റ്റ് മാസ്റ്റേഴ്സ് ഡിസ്ട്രിക്ട് 27ന്റെ വാര്‍ഷിക സമ്മേളനം (ഡി.ടി.എ.സി 2025) ശനി, ഞായർ ദിവസങ്ങളില്‍ ദുബൈയില്‍ നടക്കും. ശൈഖ് സായിദ് റോഡിലെ മില്ലേനിയം പ്ലാസ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ പബ്ലിക് സ്പീക്കിങ്ങിലെ മുന്‍ ലോക ചാമ്പ്യന്‍ റമോണ ജെ. സ്മിത്ത് മുഖ്യാതിഥിയായിരിക്കും. ‘ഒരു ഡിസ്ട്രിക്ട്, ഒരു കുടുംബം’ എന്ന ആശയത്തില്‍ ഊന്നിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഡിസ്ട്രിക്ട് 27 പരിധിയില്‍വരുന്ന ദുബൈ, വടക്കന്‍ എമിറേറ്റുകളിലെ 154 ക്ലബുകളില്നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും. ക്ലബ്, ഏരിയ, ഡിവിഷന് തലങ്ങളില്‍നിന്നുള്ള പ്രസംഗകര്‍ പബ്ലിക് സ്പീക്കിങ് വേദിയില്‍ മാറ്റുരക്കും. വിജയികള്‍ക്ക് ആഗസ്റ്റ് 20 മുതല്‍ 23 വരെ യു.എസ്.എയിലെ ഫിലാല്‍ഡല്‍ഫിയയില്‍ നടക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷനലിന്റെ ആഗോള കണ്‍വെന്‍ഷന്റെ ഭാഗമായുള്ള ലോക പബ്ലിക് സ്പീക്കിങ് മത്സരത്തില്‍ ഡിസ്ട്രിക്ടിനെ പ്രതിനിധാനംെചയ്യാനാകും.
സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ഡോ. ലോറെറ്റ സാന്‍ഡേഴ്സ്, ഫിറ്റ്നസ് ഇൻഫ്ലുവന്‍സറായ ക്യാപ്റ്റന്‍ സാം, വെറ്ററന്റ് ടോസ്റ്റ് മാസ്റ്റര്‍ ഡി.ടി.എം ബാലാജി നാഗഭൂഷണ് എന്നിവരും അതിഥികളായെത്തും. ലോകോത്തര പ്രസംഗകരുടെ പങ്കാളിത്തത്തിനൊപ്പംതന്നെ, കൂടുതല്‍ അര്‍ഥവത്തായ പഠനത്തിനും സൗഹൃദങ്ങള്‍ക്കും ഉപകാരപ്പെടുന്ന വേദിയായിരിക്കും ഡി.ടി.എ.സി 2025 എന്ന് ചെയര്മാന് ഡി.ടി.എം. ഷനിന്‍ പള്ളിയില്‍ പറഞ്ഞു. വാര്‍ഷിക സമ്മേളനത്തോടെ മേഖലാതലത്തിലുള്ള മത്സരങ്ങള്‍ അവസാനിക്കുമെന്ന് ഡി.ടി.എ.സി ഇവന്റ്സ് വിഭാഗം ചെയര്മാന് ഡി.ടി.എം. വിജി ജോണ്‍ വ്യക്തമാക്കി. അംഗങ്ങളുടെ ആശയവിനിമയ, നേതൃത്വ ഗുണങ്ങളെ പരിപോഷിപ്പിക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ ഡി.ടി.എം ഡോ. മുനീബ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

