മെറ്റാവേഴ്സിലേക്ക് ദുബൈ
text_fieldsമെറ്റാവേഴ്സിനെ കുറിച്ച് കേൾക്കുന്നവർ ആദ്യം ചിന്തിക്കുക ഇതൊക്കെ സാധിക്കുമോ എന്നായിരിക്കും. ലോകത്തിന്റെ രണ്ട് അറ്റങ്ങളിലിരിക്കുന്നവർ സ്പർശിക്കുക, ഒരുമിച്ച് ഷോപ്പിങ് നടത്തുക, ഭക്ഷണം കഴിക്കുക, ആഘോഷങ്ങളിൽ പങ്കെടുക്കുക... ഇതൊക്കെ യാഥാർഥ്യമാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. എങ്കിൽ വിശ്വസിച്ചേപറ്റൂ. വിർച്വൽ ലോകത്തിലെ ഏറ്റവും പുതിയ അനുഭവമായ മെറ്റാവേഴ്സ് നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് ഇത്തരമൊരു ലോകത്തേക്കാണ്. ഇത് യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് ദുബൈ. മെറ്റാവേഴ്സിലേക്ക് കാലെടുത്തുവെക്കുന്ന ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക അതോറിറ്റിയായി ദുബൈ വിർച്വൽ അസെറ്റ്സ് അതോറിറ്റി (വാര) മാറി. വിർച്വൽ ലോകമായ 'ദി സാൻഡ് ബോക്സ്' കേന്ദ്രീകരിച്ച് പ്രവർത്തനവും തുടങ്ങി കഴിഞ്ഞു. 2030ഓടെ മെറ്റാവേഴ്സ് വഴി 400 കോടി ഡോളർ വരുമാനമാണ് ദുബൈ ലക്ഷ്യമിടുന്നത്.
നിർമിത ബുദ്ധി, വിർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ അടുത്ത തലമാണ് മെറ്റാവേഴ്സ്. വീഡിയോ കോൺഫറൻസിങ് പോലുള്ളവയുടെ ഏറ്റവും ലേറ്റസ്റ്റ് വേർഷൻ. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്റർനെറ്റ് എന്ന് വേണമെങ്കിൽ മെറ്റാവേഴ്സിനെ കുറിച്ച് പറയാം. ഒരുമിച്ചിരിക്കുന്ന അനുഭവം ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും അനുഭവിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയിലെ ഭാര്യക്കൊപ്പം ദുബൈയിലെ ഭർത്താവിന് ഷോപ്പിങ് നടത്താം, അമേരിക്കയിലെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാം, ലണ്ടനിലെ കൂട്ടുകാർക്കൊപ്പം സിനിമ കാണാം, നാട്ടിലെ ബന്ധുക്കൾക്കൊപ്പം കല്യാണം കൂടാം... അങ്ങിനെ നീണ്ടു പോകുന്നു മെറ്റാവേഴ്സിന്റെ സൗകര്യങ്ങൾ. ഇത് പൂർണാർഥത്തിൽ യാഥാർഥ്യമാകുന്നതോടെ സാങ്കേതിക മേഖലയിൽ വൻ വിപ്ലവമാണ് സൃഷ്ടിക്കാൻ പോകുന്നത്.
ദുബൈയിൽ ഇത് നടപ്പാക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ വിലയിരുത്തുന്നതിനുമായി കർമസമിതി രൂപവതക്രിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കും. മറ്റൊരു രാജ്യത്തിരുന്ന് ഡോക്ടർക്ക് രോഗിയെ ചികിത്സിക്കാൻ കഴിയും. ശസ്ത്രക്രിയകളിൽ 230 ശതമാനം മികവ് വർധിപ്പിക്കാൻ കഴിയും. ത്രി ഡി പ്രിൻറിങ്, ഫിൻടെക് തുടങ്ങിയ സാങ്കേതിക വിദ്യകൾ കൂട്ടിചേർത്ത് വ്യവസായ ശൃംഖലയിലും മെറ്റാവേഴ്സ് ചുവടുറപ്പിക്കും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം എന്നിവരുടെ മേൽനോട്ടത്തിലാണ് മെറ്റാവേഴ്സ് നടപ്പാക്കുന്നത്. ടൂറിസം, ബാങ്കിങ്, ബഹിരാകാശം, വാർത്തവിനിമയം തുടങ്ങിയ രംഗങ്ങളിലെല്ലാം ഇത് യാഥാർഥ്യമാകും.
ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗാണ് മെറ്റാവേഴ്സ് യാഥാർഥ്യമാക്കാൻ മുന്നിലുള്ളത്. ഇതിന്റെ ഭാഗമായാണ് സുക്കർബർഗിന്റെ കമ്പനിയുടെ പേര് മെറ്റാ എന്നാക്കിയത്. ഗൂഗ്ളും മൈക്രോസോഫ്ടുമെല്ലാം ഈ രംഗത്ത് സജീവമാണ്. 1992ല് നീല് സ്റ്റീഫൻസണ് തന്റെ സ്നോ ക്രാഷ് (Snow Crash) എന്ന ശാസ്ത്രനോവലിൽ മെറ്റാവേഴ്സിന്റെ മറ്റൊരു രൂപത്തെ പരിചയപ്പെടുത്തിയിരുന്നു. 'യഥാർഥ ലോകത്തിന്റെ ത്രിമാന പതിപ്പായ വെർച്വൽ ലോകത്ത് ഓരോ അവതാറുകളായി മാറി മനുഷ്യർക്ക് പരസ്പരം സംസാരിക്കാനും ഇടപഴകാനും സാധിക്കും', എന്നതാണ് സ്നോ ക്രാഷിലെ മെറ്റാവേഴ്സിന്റെ പ്രത്യേകത. വെർച്വൽ റിയാലിറ്റിയുടെ ലോകത്ത് പ്രവേശിക്കാനായി വി.ആർ ഹെഡ്സെറ്റുകളും കൺമുമ്പിലെത്തുന്ന വസ്തുക്കൾ തൊട്ടറിയാൻ അനുവദിക്കുന്ന കൈയ്യുറകളുമെല്ലാം (ഹാപ്റ്റിക് ഗ്ലൗ) സജീവമാകും. വെർച്വൽ റിയാലിറ്റി ലോകത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ കൈകൾ കൈയ്യുറകൾ കൃത്യമായി ട്രാക്ക് ചെയ്യും. അതിലൂടെ ത്രിമാന ലോകത്തുള്ള ഏന്തെങ്കിലും ഒബ്ജക്ടിൽ നിങ്ങളുടെ കൈ തട്ടുേമ്പാൾ അത് സ്പർശിച്ചറിയാൻ ഈ ഗ്ലൗസ് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

