മുഖ്യമന്ത്രി അറിയാൻ
text_fields'പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണ്. അവരെ സംരക്ഷിക്കേണ്ട കടമ ഈ സർക്കാറിനുണ്ട്' കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടക്കിടെ പറയാറുള്ള വാക്കുകളാണിത്. മൂന്ന് വർഷം മുമ്പ് യു.എ.ഇയിലെത്തിയപ്പോഴും മഹാമാരിക്കാലത്ത് നടന്ന പല വാർത്തസമ്മേളനങ്ങളിലും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതാണ് ഈ നിലപാട്. ഈ വാക്കുകൾ പ്രവാസികൾക്ക് നൽകുന്ന ഊർജം ചെറുതല്ല. എന്നാൽ, ഈ വാക്കുകളോട് എത്രത്തോളം നീതിപുലർത്താൻ അദ്ദേഹത്തിനും സംസ്ഥാന സർക്കാറിനും കഴിഞ്ഞിട്ടുണ്ട് എന്നത് പ്രവാസികൾക്കുതന്നെ സംശയമുള്ള കാര്യമാണ്. കാരണം, അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കണ്ടിട്ടില്ല എന്ന് മാത്രമല്ല, പുതിയ പ്രതിസന്ധികളിലേക്ക് അവർ വീണ്ടും ചുരുട്ടിയെറിയപ്പെടുകയാണ്. പ്രവാസി വകുപ്പിന്റെ കൂടി ചുമതലയുള്ള കേരള മുഖ്യമന്ത്രി വീണ്ടും യു.എ.ഇ സന്ദർശനത്തിനെത്തിയ സാഹചര്യത്തിൽ പ്രവാസികളിൽനിന്ന് ക്രോഡീകരിച്ച അവരുടെ പ്രധാന ആവശ്യങ്ങൾ 'ഗൾഫ് മാധ്യമം' ഇവിടെ സമർപ്പിക്കുന്നു...
1. പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണാൻ വഴിയുണ്ടാക്കണം
നാട്ടിലേക്ക് പോകുന്നവർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രസർക്കാറിന്റെ നിർദേശമുണ്ട്. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. പ്രിയപ്പെട്ടവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമം മൂലം യാത്ര ചെയ്യാൻ കഴിയുന്നില്ല.
ചില സമയങ്ങളിൽ കോവിഡ് ടെസ്റ്റ് ഫലം വരാൻ രണ്ട് ദിവസത്തിലേറെ എടുക്കുന്നുണ്ട്. ഫലം വന്ന ശേഷം രജിസ്റ്റർ ചെയ്ത് യാത്ര ചെയ്യുമ്പോൾ പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങൾ പോലും കഴിഞ്ഞിട്ടുണ്ടാവും. ചികിത്സ പോലുള്ള അത്യാവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകുന്നവരുടെ അവസ്ഥയും ഇതാണ്. അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരെ എയർ സുവിധ രജിസ്ട്രേഷനിൽനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.
പ്രത്യേക ഫോറം അപ്ലോഡ് ചെയ്താൽ ഇവർക്ക് ഉടൻ യാത്രാനുമതി ലഭിക്കുമായിരുന്നു. എന്നാൽ, ഈ ആനുകൂല്യം തുടരുന്നില്ല എന്നാണ് എയർസുവിധയുടെ വെബ്സൈറ്റിൽ പറയുന്നത്.
ഇത് പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രസർക്കാറാണ്. പ്രവാസി വിഷയത്തിൽ എന്നും മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തി ഈ ആനുകൂല്യം പുനഃസ്ഥാപിക്കാൻ കേരളസർക്കാറിന്റെ കൂടുതൽ ഇടപെടൽ ഉണ്ടാകണം.
2. മുഖ്യമന്ത്രി ക്വാറൻറീനിൽ ഇരിക്കുമ്പോൾ ചിന്തിക്കാൻ
ഗൾഫിൽനിന്ന് മടങ്ങുമ്പോൾ മുഖ്യമന്ത്രിയും ക്വാറൻറീനിൽ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആ ദിവസങ്ങളിലെങ്കിലും അങ്ങ് സ്വയം ചിന്തിക്കണം 'എന്തിനാണ് ഞാൻ ക്വാറൻറീനിൽ ഇരിക്കുന്നതെന്ന്'. ഉദ്ഘാടനങ്ങളുടെയും ആഘോഷങ്ങളുടെയും പേരിൽ നാട്ടിലെല്ലായിടത്തും കൂടിച്ചേരലുകൾ നടക്കുമ്പോഴായിരിക്കും മുഖ്യമന്ത്രി വീടിനുള്ളിൽ ക്വാറൻറീനിലിരിക്കുക. ഏഴ് ദിവസം കഴിഞ്ഞാൽ മുഖ്യമന്ത്രിയും വിവിധ പരിപാടികളിലേക്കിറങ്ങും. എന്തിനാണ് വിദേശത്തുനിന്നെത്തുന്നവരെ മാത്രം ഇങ്ങനെ കൂട്ടിലടച്ചിടുന്നത്.
അങ്ങ് ദുബൈയിൽനിന്ന് പോകുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റിവ് ഫലവുമായിട്ടായിരിക്കും യാത്ര ചെയ്യുക. കേരളത്തിലെത്തി എയർപോർട്ടിലും ടെസ്റ്റ് ചെയ്യേണ്ടിവന്നേക്കാം.
രണ്ട് നെഗറ്റിവ് ഫലവുമായെത്തുന്ന മുഖ്യമന്ത്രി ക്വാറൻറീനിൽ ഇരിക്കുമ്പോൾ ഒരു ടെസ്റ്റും നടത്താതെ പുറത്തുള്ളവർ ഒത്തുചേരൽ നടത്തുന്നു. ഈ വിരോധാഭാസമാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്. ടെസ്റ്റ് ചെയ്ത് പോസിറ്റിവാകുന്നവർക്ക് ക്വാറൻറീനും നെഗറ്റിവാകുന്നവർക്ക് പുറത്തിറങ്ങാനും അവസരം കൊടുക്കുന്നതല്ലേ ഉചിതം. ഈ മാതൃക താങ്കൾ ദുബൈ വിമാനത്താവളത്തിൽ കണ്ടിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
3. റാപിഡ് പി.സി.ആർ കൊള്ളക്ക് ആര് മണികെട്ടും
ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലം ഹാജരാക്കണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടെങ്കിലും കൊള്ളനിരക്കാണ് ഈടാക്കുന്നത്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തിൽ 1500 രൂപ വാങ്ങുമ്പോൾ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ 2500 രൂപയാണ് നിരക്ക്. കുടുംബസമേതം വരുന്നവർക്ക് 10,000 രൂപയിലേറെ പരിശോധനക്ക് മാത്രമായി നൽകേണ്ടിവരുന്നു.
ഇതിന് പുറമെ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലവും (500 രൂപ) ഹാജരാക്കണം. 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് ഫലവുമായി എയർപോർട്ടിലെത്തുന്ന പലർക്കും അവിടെ നടക്കുന്ന റാപിഡ് ടെസ്റ്റിൽ പോസിറ്റിവാകുന്നു. ഇതുമൂലം ടിക്കറ്റ് തുകയും പരിശോധന നിരക്കുമെല്ലാം നഷ്ടമാകുന്നു.
ഈ വിഷയത്തിൽ കേരളസർക്കാറിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. റാപിഡ് പി.സി.ആർ നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ അത്യാവശ്യമാണ്. റാപിഡ് പി.സി.ആറിന്റെ വിശ്വാസ്യത ഉറപ്പാക്കാനും ഇടപെടലുണ്ടാവണം.
യു.എ.ഇയിലേക്ക് മാത്രമാണ് ഇത്തരമൊരു പരിശോധന ആവശ്യമായിവരുന്നത്. ഇതൊഴിവാക്കാൻ യു.എ.ഇയിലെ സർക്കാർ സംവിധാനങ്ങളുമായി ചർച്ച നടത്തണം.
4. പ്രവാസി കുടുംബങ്ങളെ കൈവിടരുത്
കോവിഡിൽ മരണപ്പെട്ടവരുടെ കണക്കെടുപ്പ് നടക്കുന്ന സമയമാണല്ലോ ഇത്. കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ. കോവിഡിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിലക്കുള്ളതിനാൽ അവരെ ഇവിടെയാണ് അടക്കംചെയ്തിരിക്കുന്നത്. ഒരുപക്ഷേ, കേരളസർക്കാറോ കേന്ദ്രസർക്കാറോ നിഷ്കർഷിക്കുന്ന എല്ലാ രേഖകളും അവരുടെ കുടുംബങ്ങൾക്ക് ഹാജരാക്കാൻ കഴിഞ്ഞെന്നുവരില്ല.
ഈ സാഹചര്യത്തിൽ, വിദേശ രാജ്യങ്ങളിലെ സർക്കാർ നൽകുന്ന രേഖകൾ ആധികാരികമായി പരിഗണിച്ച് ആ കുടുംബങ്ങളെയും നഷ്ടപരിഹാരപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഉറ്റവരുടെ മൃതദേഹം പോലും അവസാനനോക്ക് കാണാൻ കഴിയാത്ത കുടുംബങ്ങളാണ് നാട്ടിലുള്ളത്.
അവർക്ക് കൈത്താങ്ങാവേണ്ടത് നമ്മുടെ സർക്കാറാണ്. അന്തിമപട്ടിക പുറത്തുവരുമ്പോൾ പ്രവാസ ലോകത്തെ കോവിഡ് മരണങ്ങളെല്ലാം അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.
5. ഗൾഫിൽനിന്ന് കുറഞ്ഞനിരക്കിൽ പി.സി.ആർ ഏർപ്പാടാക്കണം
യു.എ.ഇയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ 50 ദിർഹം മുതൽ 150 ദിർഹം വരെ നൽകിയാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. കടം വാങ്ങിയ പണവുമായി ടിക്കറ്റെടുക്കുന്നവർക്ക് ഇതൊരു വലിയ ഭാരമാണ്. ഇത് യു.എ.ഇയിലെ പരിശോധനയാണെന്നും കേരളസർക്കാറിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അറിയാം. എന്നാൽ, നോർക്കയുടെ മേൽനോട്ടത്തിൽ ഏതെങ്കിലും ലാബുകളും ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ യു.എ.ഇയിൽ പി.സി.ആർ സൗകര്യം ഏർപ്പെടുത്താൻ കേരള സർക്കാറിന് കഴിയും. ഇത് പ്രവാസികൾക്ക് വലിയൊരു കൈത്താങ്ങായിരിക്കും.
6. പ്രവാസികൾക്ക് സർക്കാർ ജോലി വേണ്ടേ ?
നാടിനും വീട്ടുകാർക്കും വേണ്ടി തൊഴിലെടുക്കുന്നതിനിടയിൽ പ്രവാസികൾക്ക് സർക്കാർ ജോലി നിഷേധിക്കപ്പെടുന്നുണ്ട് എന്ന സത്യം സർക്കാർ മനസ്സിലാക്കണം. പരീക്ഷ എഴുതാൻ നാട്ടിൽ പോകാൻ കഴിയാത്തതിനാൽ കഴിവുള്ളവർക്ക് പോലും സർക്കാർ ജോലി നഷ്ടപ്പെടുന്നു. ഗൾഫിൽ പി.എസ്.സി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതാണ് ഇതിനുള്ള പരിഹാര മാർഗം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, നീറ്റ് പോലുള്ളവക്ക് ഗൾഫിൽ പരീക്ഷാകേന്ദ്രം ഉള്ളപ്പോൾ എന്തുകൊണ്ട് പി.എസ്.സിക്കും ഈ വഴി ചിന്തിച്ചുകൂട. ജോലിയിൽനിന്ന് ലീവ് കിട്ടാത്തതിനാൽ നാട്ടിലെത്തി പരീക്ഷയെഴുതാൻ കഴിയാതെ നിരാശരായി കഴിയുന്ന നിരവധി പ്രവാസികൾ ഈ നാട്ടിലുണ്ട്. അവരുടെ കഴിവുകൾ നമ്മുടെ നാടിനായി ഉപയോഗിക്കുകയല്ലേ യഥാർഥത്തിൽ ചെയ്യേണ്ടത്. കേരളത്തിലെ സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അക്ഷയ സെൻറർ പോലെ ഗൾഫിലും സെൻററുകൾ അനുവദിക്കുന്നതും ആലോചിക്കേണ്ടതാണ്. നോർക്ക വഴി ഇത് നടപ്പാക്കാവുന്നതേയുള്ളൂ.
7. വ്യാജ റിക്രൂട്ട്മെൻറിന് കൂച്ചുവിലങ്ങിടണം
ജോലിതട്ടിപ്പിൽ കുടുങ്ങി ആത്മഹത്യയിലേക്ക് പോലും നയിക്കപ്പെടുന്ന പ്രവാസികൾ നിരവധിയാണ്. ഗൾഫിൽ വിമാനമിറങ്ങുമ്പോഴാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളാണ് പ്രധാനമായും മലയാളികളെ തട്ടിപ്പിനിരയാക്കുന്നത്. കഴിഞ്ഞ ദിവസം വ്യാജ വിമാന ടിക്കറ്റ് പോലും നൽകി തട്ടിപ്പ് നടത്തി. യാത്രക്കായി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ടിക്കറ്റ് സഹിതം തട്ടിപ്പായിരുന്നു എന്നറിയുന്നത്. സ്ത്രീകളടക്കമുള്ളവർ ചൂഷണത്തിന് ഇരയാവുന്നു. ഏജൻസികൾ കേരളത്തിലായാലും അവരുടെ പ്രധാന ഓഫിസുകളും മറ്റ് ഇടപാടുകളും ഗൾഫ് രാജ്യങ്ങളിലാണെന്ന പേരിൽ കേരള പൊലീസ് പലപ്പോഴും ഇടപെടാറില്ല. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തട്ടിപ്പുകാർ ഇനിയും വിഹരിച്ചുകൊണ്ടിരിക്കും. നാട്ടിലുള്ള തട്ടിപ്പുകാരെ പിടികൂടുകുയും അവരുടെ വിദേശ സഹായികളെ അവിടത്തെ അധികൃതരുമായി സഹകരിച്ച് പിടികൂടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
8. പറഞ്ഞുപഴകിയ ആവശ്യങ്ങൾ
വിമാനനിരക്ക് കൊള്ള, പ്രവാസി പുനരധിവാസം, മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുക, പ്രവാസികൾക്ക് മാത്രമായി മന്ത്രി, പ്രവാസി വോട്ട്, ലോക കേരളസഭ വിപുലീകരണം, നോർക്ക ഇടപെലിന്റെ ശാക്തീകരണം, പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സഹായം, നാട്ടിലെത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ പറഞ്ഞുപഴകിയ ആവശ്യങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കേരളം എന്തുചോദിച്ചാലും കൈമെയ്മറന്ന് സഹായിക്കുന്ന പ്രവാസികളുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞു നിൽക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

