ടി.എം.സി പൂർവവിദ്യാർഥികൾ അമിനിറ്റി സെന്റർ നിർമിക്കുന്നു
text_fieldsടി.എം.സി പൂർവവിദ്യാർഥികൾ നിർമിക്കുന്ന അമിനിറ്റി സെന്റർ സംബന്ധിച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: തിരുവനന്തപുരം മെഡിക്കൽ കോളജ് പൂർവവിദ്യാർഥികൾ മുൻ പ്രിൻസിപ്പൽ ഡോ. തങ്കവേലുവിന്റെ പേരിൽ കാമ്പസിനകത്ത് അമിനിറ്റി സെന്റർ നിർമിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടി സഹായകമാകുന്ന വിധമാണ് കേന്ദ്രം നിർമിക്കുകയെന്ന് പൂർവവിദ്യാർഥി സംഘടനാ ഭാരവാഹികൾ ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യമായാണ് കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പൂർവവിദ്യാർഥികൾ മുൻകൈയെടുത്ത് അമിനിറ്റി സെന്റർ നിർമിക്കുന്നതെന്ന് പൂർവവിദ്യാർഥി സംഘടനയുടെയും യു.എ.ഇയിലെ ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജിയുടെയും ഭാരവാഹികൾ പറഞ്ഞു.
അഞ്ച് നിലകളിലായി മുപ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഡോ. തങ്കവേലു അമിനിറ്റി, മെഡിക്കൽ എജുക്കേഷൻ സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മെഡിക്കൽ ഹിസ്റ്ററി മ്യൂസിയം, ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ഇൻകുബേഷൻ സെന്റർ തുടങ്ങിയ സംവിധാനങ്ങൾ കേന്ദ്രത്തിലുണ്ടാകും.
നിർമാണത്തിന് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ആദ്യമെത്തുന്ന മൂന്നൂറ് പേരിൽനിന്ന് ഒരുലക്ഷം മുതൽ 15 ലക്ഷം രൂപ വരെ സമാഹരിച്ച് കേന്ദ്രത്തിൽ അംഗത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം മെഡി. കോളജ് പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് ഡോ. ജോൺ പണിക്കർ, എ.കെ.എം.ജി പ്രസിഡന്റ് ഡോ. സുകു മലയിൽ കോശി, ഡോ. എം.എ. മുഹമ്മദ്, ഡോ. സിറാജുദ്ദീൻ പി. മൊയ്ദീൻ, ഡോ. കൃഷ്ണപ്രസാദ്, ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

