40-ാമത് അബൂദബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടി.കെ. രാമകൃഷ്ണൻ പുരസ്കാരം നിലമ്പൂർ ആയിഷക്ക്
text_fieldsനിലമ്പൂർ ആയിഷ
അബൂദബി: മലയാളത്തിലെ സർഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബൂദബി ഏർപ്പെടുത്തിയ 40-ാമത് അബൂദബി ശക്തി അവാർഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകിവരുന്ന അബൂദബി ശക്തി ടികെ രാമകൃഷ്‌ണൻ പുരസ്‌കാരത്തിന് നിലമ്പൂർ ആയിഷയെ തെരഞ്ഞെടുത്തു.
മികച്ച നിരൂപണത്തിനുള്ള അബൂദബി ശക്തി തായാട്ട് പുരസ്‌കാരം ഇ.പി. രാജഗോപാൽ (ഭാഷ ഭാവന വിനിമയം), എസ്. നൗഷാദ് (കഥ പറച്ചിൽ ഒരു പ്രതിവ്യവഹാരമാണ്) എന്നിവർ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള അബൂദബി ശക്തി എരുമേലി പുരസ്കാരം സുധാകരൻ ചന്തവിള (അനുകമ്പയുടെ അവദൂതൻ), ഡോ. കെ. ശ്രീകുമാർ (എം. ടി.) എന്നിവർക്കാണ്.
അബൂദബി ശക്തി അവാർഡുകൾ
മികച്ച നോവൽ വിഭാഗത്തിൽ ലതാ ലക്ഷ്മി (കനൽ ഘട്ട്), ഹരിതാ സാവിത്രി (കുർബാൻ) എന്നിവർ പുരസ്കാരത്തിന് അർഹരായി. മികച്ച കഥക്കുള്ള പുരസ്കാരം എസ്. സിത്താര നേടി. വിമീഷ് മണിയൂറിന്റെ എം.എൻ. വിജയനും ഐ.എം. വിജയനും, ആര്യ ഗോപിയുടെ കണ്ണാടിയിലെ ദൈവം എന്നിവ മികച്ച കവിതക്കുള്ള പുരസ്കാരം നേടി. വിജ്ഞാന സാഹിത്യത്തിൽ ഡോ. ചന്ദ്രദാസൻ (രാഗാവതരണത്തിന്റെ രസശാസ്ത്രം), ബിനീഷ് പുതുപ്പണം (ഗുരുവിന്റെ സ്ത്രീ ഭാവനകൾ) എന്നിവർ പങ്കിട്ടെടുത്തു.
ഹേമന്ത് കുമാർ (നാടകം – ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി ), സുധീർ അമ്പലപ്പാട്ട് (നാടകം: വിയർപ്പ് ഗ്രന്ഥികളിൽ പൊടി മരുന്ന് പുകയുന്നത് എന്തുകൊണ്ട്), ജനു (ബാലസാഹിത്യം – വൈകി വിടർന്ന മയിൽപീലികൾ), എൻ.ജി. നയൻതാര (ബാലസാഹിത്യം - പച്ചിലക്കുടുക്ക) എന്നിവർക്കാണ് മറ്റു അവാർഡുകൾ.
വിജ്ഞാന സാഹിത്യത്തിൽ ഡോ. രാജാവാര്യരുടെ തെരഞ്ഞെടുത്ത നാടക പഠനങ്ങൾ, നോവൽ വിഭാഗത്തിൽ സുധ എസ്. നന്ദന്റെ മുടിക്കാറ്റ്, കഥാ വിഭാഗത്തിൽ ഡോ. ഡോ. അനുപമ ബാലകൃഷ്ണന്റെ അസർബൈജാനിലെ പൂച്ച, ഇതര സാഹിത്യത്തിൽ കെ ടി. രാജീവിന്റെ മണിയാശാശാന്റെ ജീവചരിത്രം എന്നിവ ജൂറിയുടെ പ്രത്യേക പുരസ്കാരങ്ങൾക്കർഹമായി.
1987 ല്‍ ഏര്‍പ്പെടുത്തിയതാണ് അബൂദബി ശക്തി അവാര്‍ഡ്. കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് ശക്തി അവാര്‍ഡ് നല്‍കിവരുന്നത്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് കഴിഞ്ഞാല്‍ എല്ലാവര്‍ഷവും മലയാളത്തിലെ എല്ലാ സാഹിത്യ ശാഖകള്‍ക്കും നല്‍കിവരുന്ന ഒരേയൊരു അവാര്‍ഡാണ് അബുദാബി ശക്തി അവാര്‍ഡ്.
കൂടാതെ, അബൂദബി ശക്തി തിയറ്റേഴ്‌സും പ്രമുഖ സാഹിത്യ നിരൂപകന്‍ തായാട്ട് ശങ്കരന്റെ ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും സംയുക്തമായി 1989ല്‍ ഏര്‍പ്പെടുത്തിയ ശക്തി തായാട്ട് അവാര്‍ഡും, ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതുമുതല്‍ 2006 വരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായിരുന്ന മുന്‍ മന്ത്രി ടി. കെ. രാമകൃഷ്ണന്റെ സ്മരണക്കായി 2007 മുതല്‍ നല്‍കിവരുന്ന ശക്തി ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും, 2014 മുതല്‍ ഇതര സാഹിത്യ കൃതികള്‍ക്കുള്ള ശക്തി എരുമേലി പുരസ്‌കാരവും ഇതോടൊപ്പം നൽകുന്നു.
അബൂദബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍, കമ്മിറ്റി അംഗം എൻ. പ്രഭാവർമ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി.കെ. രാമകൃഷ്ണൻ അവാർഡ്. മറ്റു ജേതാക്കൾക്ക് 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അവാർഡ് സമർപ്പണം ആഗസ്റ്റ് 22ന് വൈകീട്ട് മൂന്നുമണിക്ക് തലശ്ശേരി പേൾവ്യു ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ സാംസാകാരിക സമ്മേളനത്തിൽ നടക്കുമെന്ന് അവാർഡ് കമ്മിറ്റി അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

