You are here

ഈ സമയവും കടന്നുപോകും -ക്വാറന്‍റീൻ കുറിപ്പുകൾ

നവാഫ് അബൂബക്കർ

വിക്ടർ ഫ്രാങ്കൾ ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ അകപ്പെട്ട് ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരിക്കുമ്പോളാണ് തന്‍റെ മുന്നിലേക്ക് ഷേവ് ചെയ്യാനുള്ള ബ്ലേഡ് എത്തുന്നുന്നത്. ആ തടവറയിൽ ഇരുട്ടായത് കൊണ്ട് ഞരമ്പ് മുറിക്കാൻ വെളിച്ചത്തിന്ന് വേണ്ടി തന്‍റെ മുകളിലുള്ള ജനവാതിൽ തുറന്ന് പുറത്ത് നോക്കിയപ്പോൾ കാലവസ്ഥ മാറിയിരിക്കുന്നു. പുറത്ത് മുഴുവൻ പൂക്കൾ വീണ് കിടക്കുന്നു. അപ്പോൾ അദ്ദേഹം ആലോചിക്കുന്നുണ്ട്, ഇതുപോലെ ഒരു വസന്ത കാലം തന്‍റെ ജീവിതത്തിലും കടന്ന് വരുമല്ലോ. അതിന് ശേഷം ആ തടവറ ജീവിതം അദ്ദേഹത്തിന്ന് വസന്തമായി മാറുന്നുണ്ട്.

ഇന്നേക്ക് എന്‍റെ ക്വാറന്‍റീൻ ആറ്  ദിവസം പിന്നിടുമ്പോൾ ഒരു വസന്തകാലമായാണ് എനിക്കും അനുഭവപ്പെടുന്നത്. ആയിരം പേരോളം രജിസ്റ്റർ ചെയ്ത വന്ദേ ഭാരത് മിഷനലിൽ നിന്ന് എനിക്ക് ജൂൺ 13നുള്ള ദമ്മാം-കോഴിക്കോട് ടിക്കറ്റ് കരസ്ഥമാക്കാൻ കഴിഞ്ഞത് മുതൽ ഇന്നെന്‍റെ വീട്ടിലെ മുകളിലത്തെ നിലയിൽ സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നതിനെ വസന്തമല്ലാതെ മറ്റെന്ത് പേര് ഞാൻ വിളിക്കും? ഒരുപാട് പേര് ഇപ്പോഴും സ്വപ്നം കാണുന്ന നാട്ടിലേക്കുള്ള വരവ് ഇന്നെനിക്ക് ഒരു യാഥാർഥ്യമാണ്. എനിക്കെന്നല്ല ഏതൊരു പ്രവാസിക്കും 14 ദിവസം ഒറ്റക്ക് കഴിച്ച് കൂട്ടുന്നത് യാതൊരു വിഷമത്തിനും ഇടവരുത്തില്ല, തീർച്ച.

കരിപ്പൂരിൽ നിന്ന് ടാക്സിയിൽ കയറി യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോയെക്കും നല്ല മഴ. സർക്കാർ നിർദ്ദേശ പ്രകാരം പിറകിലുള്ള രണ്ട് വിൻഡോയും താഴ്ത്തിവെക്കണം. മഴ കനത്തപ്പോൾ ഡ്രൈവർ ചോദിച്ചു, വിൻഡോ അടക്കണോ എന്ന്. ഞാൻ സ്നേഹത്തോടെ വേണ്ട എന്ന് പറഞ്ഞു. തലേ ദിവസം രാവിലെ എട്ട് മുതൽ 42 ഡിഗ്രി ചൂടിൽ വൈകീട്ട് നാല് വരെയാണ് എയർ ഇന്ത്യ ഓഫിസിൽ ടിക്കറ്റിന്ന് വേണ്ടി ഒറ്റ നിൽപ്പ് നിന്നത്. അതിന്‍റെ തളർച്ച എന്നെ വിട്ട് മാറിയിട്ടില്ലായിരുന്നു. ഓരോ തണുത്ത മഴതുള്ളിയും എനിക്ക് നൽകിയ ആശ്വാസമുണ്ടോ ടാക്സി ഡ്രൈവർ അറിയാൻ. 

flight.jpg

പഞ്ചായത്തിൽ നിന്ന് വീട്ടിൽ വന്ന് നൽകിയ നിർദേശങ്ങളെല്ലാം ഉപ്പ വാട്സാപ്പിൽ അയച്ച് തന്നിരുന്നു. അങ്ങനെ ആദ്യമായി ആരവങ്ങളില്ലാതെ ഞാൻ ഗൾഫിൽ നിന്നും വീട്ടിൽ എത്തി. പണ്ടായിരുന്നെങ്കിൽ പെട്ടി സ്വന്തമായി എടുക്കാൻ വീട്ടുകാർ സമ്മതിക്കില്ലായിരുന്നു. ഇപ്പോൾ വേറെ വഴിയില്ലാത്തത് കൊണ്ട് ഞാൻ തന്നെ പെട്ടിയെല്ലാം ഇറക്കി. ഉപ്പയും ഉമ്മയും സന്തോഷത്തോടെയും സങ്കടത്തോടെയും മാറി നിൽക്കുന്നു. ഞാൻ വന്ന സന്തോഷവും എന്നെ ആലിംഗനം ചെയ്യാൻ പറ്റാത്ത സങ്കടവും. എനിക്ക് വിഷമമൊമൊന്നും തോന്നിയില്ല. കാരണം ആയിരം പേരോളം പ്രാർഥനയോടെ കാത്തിരിക്കുന്ന ടിക്കറ്റിന് എനിക്ക് അവസരം കിട്ടിയല്ലോ. ദൈവത്തിന് സ്തുതി. പക്ഷെ ഉപ്പ കെട്ടി പിടിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞപ്പോൾ മനസ്സൊന്ന് വിങ്ങി. അങ്ങനെ ഞാൻ പെട്ടിയുമായി മുകളിലേക്ക് കുതിച്ചു. 

കേറിയ പാടെ ഡോറടക്കാനാണ്  നിർദേശം. കിട്ടിയ നിർദേശ പ്രകാരം ഞാൻ നടന്ന വഴികളിലൂടെ ബ്ലീച്ചിങ് പൗഡറിട്ട വെള്ളം കൊണ്ട് ഉമ്മ നിലം തുടച്ചു. സ്വന്തം മകൻ നടന്ന വഴി വൃത്തിയാക്കേണ്ട അവസ്ഥ ഉമ്മാനെ ചെറുതായിട്ടെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടാവണം. അങ്ങനെ കുളിച്ച് വൃത്തിയായി ഇട്ടിരുന്ന വസ്ത്രം ബ്ലീച്ചിങ് പൗഡറിട്ട വെള്ളത്തിൽ ഇട്ടുവെച്ചു. ഇപ്പോൾ ആ വസ്ത്രം കളർ ഇളകി ഇരിപ്പുണ്ട്. ഒൻപത് മാസത്തിന് ശേഷം ആർക്കും ബാക്കി വെക്കേണ്ടതില്ലല്ലോ എന്ന സമാധാനത്തോടെ രാത്രി ഭക്ഷണം കഴിച്ചു. ബാച്ചിലർ റൂമിൽ ഇനിയും ഡ്യൂട്ടി കഴിഞ്ഞ് വരാനുള്ളവരെ മനസ്സിൽ ധ്യാനിച്ചേ കഴിക്കാൻ പറ്റു. ഒരുപാട് മാസത്തിന്ന് ശേഷം അലാറം വെക്കാതെയുള്ള ഏതൊരു പ്രവാസിയുടെയും സ്വപ്ന ഉറക്കം. പിറ്റേ ദിവസം ഫേസ്ബുക്കിലും വാട്സാപ്പ് സ്റ്റാറ്റസിലും വന്ന വിവരം പോസ്റ്റ് ചെയ്തു. ഇല്ലെങ്കിൽ 14 ദിവസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നാട്ടുകാർ വീട്ടിലേക്കെന്നെ പറഞ്ഞയച്ചാലോ. 
ആ പോസ്റ്റിന് ശേഷം ഒരുപാട് പ്രവാസി സുഹൃത്തുക്കൾ എനിക്കെങ്ങനെ ടിക്കറ്റ് കിട്ടി എന്നന്വേഷിച്ച് മെസ്സേജസ് അയച്ചു. അവർ ചെയ്തതേ ഞാനും ചെയ്തിരുന്നുള്ളു. എന്‍റെ പ്രാർഥന ചിലപ്പോൾ അവരെക്കാളും സ്ട്രോങ്ങായെന്നിരിക്കാം.

ഞാൻ മുൻകൂട്ടി തന്നെ എന്‍റെ ക്വാറന്‍റീൻ ജീവിതം എങ്ങനെ ചിലവഴിക്കണം എന്ന് ആലോചിച്ചിരുന്നു. ഇന്ന് വരെ വലിയ കോട്ടമില്ലാതെ അത് നടന്ന് പോരുന്നുണ്ട്. രാവിലെ കുറച്ച് വ്യായാമം. ഞാൻ തുടങ്ങി വെച്ച ഓൺലൈൻ കോഴ്സ്, ഉപ്പ തന്ന പുസ്തകങ്ങളിൽ നിന്ന് ഒരു പുസ്തക വായന, സോഷ്യൽ മീഡിയയിൽ കുറച്ച് സമയം, ഖുർആൻ അർത്ഥ വായന, പത്ര വായന. പത്രം വൈകീട്ടേ എനിക്ക് വെച്ച് നീട്ടാറുള്ളു. സത്യം പറഞ്ഞാൽ ഫുൾ ബിസി ഷെഡ്യൂൾ. ഇണയുമായി സംസാരിക്കുമ്പോൾ നിങ്ങൾക്കെന്താ ഇത്ര പണി എന്ന് പറഞ്ഞ് വഴക്ക് കൂടും. അവളോട് സംസാരിക്കാനും കുറച്ച്, കുറച്ചല്ല കുറച്ചധികം സമയം ചിലവാക്കാറുണ്ട്. ഒരു ടൈംടേബിൾ മുന്നിൽ കാണുന്ന ആർക്കും സമയം തികയാതെ വരുന്നതായി അനുഭവപ്പെടും. അതിനിടയിൽ കുടുംബത്തിൽ നിന്ന് പലരും വിളിച്ച് എന്നെ ആശ്വസിപ്പിക്കും. ഒന്നും ഉണ്ടാവില്ല. 

14 ദിസവസമൊക്കെ ദേ പോയി ദാ വന്നു പറയേണ്ട സമയം കൊണ്ട് കഴിയും. പക്ഷെ യഥാർഥത്തിൽ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. എന്നെ കാണാൻ കുറച്ച് സുഹൃത്തുക്കളും കുടുംബക്കാരും വന്നിരുന്നു. താഴെ മുറ്റത്ത് നിന്നാണ് സംസാരം. അവരുടെ നോട്ടവും സംസാരവും മൃഗശാലയിൽ കൂടിന് പുറത്ത് നിൽക്കുന്നവരെ പോലെ അനുഭവപ്പെടും. ഞാൻ കൂട്ടിലെ പുലിയും. പ്രവാസികളെ അകറ്റുന്ന കുറെ നാട്ടുകാരുടെയും കുടുംബങ്ങളുടെയും വിവരങ്ങൾ സോഷ്യൽ മീഡിയ വഴി അറിയാൻ കഴിഞ്ഞു. അങ്ങനെ ഒരു വേർതിരിവ് എൻറെ നാട്ടിൽ നിന്നോ കുടുംബത്തിൽ നിന്നോ ഇത് വരെ അനുഭവിച്ചിട്ടില്ല. അതിനെ കുറിച്ച് കൃത്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട്. യഥാർഥത്തിൽ പ്രവാസികളെല്ലാം കോവിഡ് രോഗികളാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. 14 ദിവസമെന്നുള്ളത് രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കാനുള്ള കാലയളവാണ്. ഇനി രോഗിയാണെങ്കിൽ കൂടി സമ്പർക്കവും രണ്ട് മീറ്റർ അകൽച്ചയും മതിയായതാണ് രോഗം പടരാതിരിക്കാൻ.

ഇനി ക്വാറന്‍റീനിലോട്ട് വരാം. ഞാൻ ഇപ്പോൾ നിൽക്കുന്ന റൂമിനോട് ചേർന്നാണ് മുകളിലുള്ള സിറ്റൗട്ട്. ഉപ്പ നട്ട് വളർത്തിയ പൂന്തോട്ടവും പാഷൻ ഫ്രൂട്ട് വള്ളിയുടെയെല്ലാം ആകാശദൃശ്യം ഒന്ന് കാണേണ്ടത് തന്നെ. സിറ്റൗട്ടിലിരുന്ന് പുറത്തേക്ക് നോക്കിയിരുന്നാൽ സമയം പോവുന്നതറിയില്ല. കൂട്ടിന്ന് മഴയും പൂക്കളിൽ നിന്ന് തേൻ നുകരാൻ വരുന്ന അതിഥികളും. കാഴ്ചപ്പാടുകൾ മാറ്റിയാൽ പുറത്തെ കാഴ്ചകൾ എന്നും വ്യത്യസ്തമായി അനുഭവപ്പെടും. വിക്ടർ ഫ്രാങ്കൾ ജനവാതിലിലൂടെ കണ്ട കാലാവസ്ഥ മാറ്റം പോലെ ഈ സമയവും കടന്ന് പോവും. തീർച്ച.

Loading...
COMMENTS