ടിക്കറ്റ് വിൽപന: അബൂദബി െഎ.എസ്.സിയിൽ ശനിയാഴ്ചയും തിരക്ക്
text_fieldsഅബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസിൽ ടിക്കറ്റെടുക്കാനെത്തുന്നവരുടെ തിരക്കേറുന്നു. ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടിലേക്ക് പോകുന്ന പ്രവാസികളാണ് വന്ദേഭാരത് മിഷെൻറ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റെടുക്കാൻ എത്തുന്നവരിൽ അധികവും. നാട്ടിൽ അവധിക്ക് പോയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മടക്കയാത്ര ടിക്കറ്റെടുക്കാൻ എത്തുന്നവരുമുണ്ട്. ശനിയാഴ്ച 454 പേർക്കാണ് ടോക്കൺ നൽകിയത്. രാത്രി എട്ടു മണിയോടെയാണ് ഇവർക്കുള്ള ടിക്കറ്റ് വിതരണം പൂർത്തിയാക്കിയത്. വെള്ളിയാഴ്ച 350 പേർക്ക് ടോക്കൺ നൽകിയിരുന്നു.
ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റെടുക്കാൻ എത്തുന്നവരിൽ അധികവും ഓൺലൈൻ സൗകര്യം ഇല്ലാത്തവരാണ്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് നേരിട്ട് ടിക്കറ്റെടുക്കാൻ എത്തുന്നവരിൽ അധികവും. ഐ.എസ്.സിയിലെ പ്രധാന ഓഡിറ്റോറിയത്തിലാണ് ടിക്കറ്റ് കൗണ്ടർ. 150പേർക്കുള്ള ഇരിപ്പിടം ഒന്നര മീറ്റർ ഇടവിട്ടാണ് വിന്യസിച്ചിരിക്കുന്നത്. ടിക്കറ്റെടുക്കാൻ എത്തുന്നവർക്ക് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ് ടോക്കൺ നൽകി പ്രവേശനം അനുവദിക്കുന്നത്. ടോക്കൺ കൊടുക്കുന്ന എല്ലാവർക്കും സേവനം ലഭ്യമാക്കിയ ശേഷം മാത്രമാണ് കൗണ്ടർ അടക്കുന്നത്.
വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് വാങ്ങാനെത്തിയ ജനക്കൂട്ടം സാമൂഹിക അകലം പാലിക്കാതെ തുടർച്ചയായി നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് അബൂദബി ഖാലിദിയയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസ് ഈ മാസം ഒന്നിന് അബൂദബി പൊലീസ് അടപ്പിച്ചത്.
ഓഫിസ് വീണ്ടും തുറക്കാനുള്ള അനുമതിക്കായി അബൂദബി പൊലീസുമായി ചർച്ച നടത്തിയെങ്കിലും സുരക്ഷിതമായ സൗകര്യമില്ലാത്തതിനാൽ പ്രവർത്തനാനുമതിക്കുള്ള ബുദ്ധിമുട്ട് വ്യക്തമാക്കുകയായിരുന്നു. 50 പേരിൽ കൂടുതൽ ടിക്കറ്റെടുക്കാൻ എത്തരുതെന്ന് പല തവണ പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും ജനക്കൂട്ടം അനിയന്ത്രിതമായെത്തുന്നത് പതിവായതിനെ തുടർന്നാണ് ഓഫിസ് അടക്കാൻ പൊലീസ് നിർദേശിച്ചത്. ജനക്കൂട്ടം സമീപത്തെ മറ്റു വാണിജ്യ സ്ഥാപനങ്ങൾക്കും കോവിഡ് സുരക്ഷ ഭീഷണിയായതും പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് കൗണ്ടർ തുറക്കാൻ സൗകര്യംതേടി ഐ.എസ്.സി മാനേജിങ് കമ്മിറ്റിയിൽ നിന്ന് അനുമതി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
