ശാരീരിക വ്യതിയാനമുള്ളവർക്ക് കൂട്ടു പോകുന്നവർക്കും ദുബൈ നഗരസഭാ പാർക്കിൽ ടിക്കറ്റ് ഫീസ് വേണ്ട
text_fieldsദുബൈ: നഗരസഭയുടെ പാർക്കുകളിൽ ശാരീരിക വ്യതിയാനങ്ങളുള്ള നിശ്ചയദാർഢ്യ വിഭാഗത്തിലെ ജനങ്ങൾക്ക് തുണയായി എത്തുന്നവർക്കും സൗജന്യ പ്രവേശനം അനുവദിക്കും. നിശ്ചയദാർഢ്യ സമൂഹത്തിെൻറ ശാക്തീകരണം ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾക്ക് ചുവടുപിടിച്ചാണ് തീരുമാനം.
2020 ആകുേമ്പാഴേക്കും ദുബൈയെ സമ്പൂർണ നിശ്ചയദാർഢ്യ സൗഹൃദ നാടാക്കി മാറ്റുന്നതിന് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച എെൻറ സമൂഹം എല്ലാവർക്കുമുള്ള ഇടം എന്ന പദ്ധതിയുടെ കൂടെ ഭാഗമായാണിത്. അനുഗമിക്കുന്ന രണ്ടു പേരുടെ പ്രവേശന ടിക്കറ്റിന് ഇളവു നൽകുന്ന തീരുമാനം നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയാണ് പുറത്തിറക്കിയത്.
ദുബൈയിലെ പൊതു പാർക്കുകൾ, ചിൽഡ്രൻസ് സിറ്റി, ദുബൈ സഫാരി പാർക്ക് എന്നിവിടങ്ങളിലെല്ലാം ഇൗ ഇളവ് ലഭിക്കും.
ശാരീരിക വ്യതിയാനങ്ങളുളള ആളുകളെ സമൂഹത്തിെൻറ എല്ലാ ധാരകളിലും ഒപ്പമെത്തിച്ച് അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് പീപ്പിൾ ഒഫ് ഡിറ്റർമിനേഷൻ ടീം ചെയർമാനും നഗരസഭാ ഉപ ഡി.ജിയുമായ അഹ്മദ് അബ്ദുൽ കരീം പറഞ്ഞു.