ടിക്കറ്റ് നിരക്ക് കുറഞ്ഞു; നാട്ടിൽ പോയിവരാം
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് കാര്യമായി കുറഞ്ഞു. ഇതോടെ, ചുരുങ്ങിയദിവസത്തേക്ക് നാട്ടിൽ പോയി വരുന്നവരുടെ എണ്ണം വർധിച്ചു. മാസങ്ങൾക്ക് ശേഷമാണ് ഇരുവശത്തേക്കുമുള്ള നിരക്ക് ഒരുമിച്ച് കുറയുന്നത്. 750 ദിർഹമുണ്ടെങ്കിൽ നാട്ടിൽ പോയി വരാൻ കഴിയും.
കേരളത്തിലും യു.എ.ഇയിലും അവധിക്കാലം കഴിഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതോടെയാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുറച്ചത്. കൂടുതൽ ലഗേജ് നൽകിയും വിമാനക്കമ്പനികൾ ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്. കോഴിക്കോട്ടേക്കാണ് ഏറ്റവും കുറവ് നിരക്ക്. ഈ ആഴ്ച ദുബൈയിൽനിന്ന് കോഴിക്കോട്ടേക്ക് 275 ദിർഹം മുതൽ തുടങ്ങുന്നു ടിക്കറ്റ് നിരക്ക്. 15ാം തീയതിക്ക് ശേഷമാണ് തിരിച്ചുവരുന്നതെങ്കിൽ 485 ദിർഹം മുതൽ ടിക്കറ്റുണ്ട്. റൗണ്ട് ട്രിപ്പായി ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒരുമിച്ചെടുത്താൽ നിരക്ക് ഇതിനേക്കാൾ കുറയും. ദുബൈയിൽനിന്ന് കൊച്ചിയിലേക്കും 275 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. തിരിച്ച് 550 ദിർഹം മുതൽ ടിക്കറ്റുണ്ട്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് നിരക്ക് കൂടുതലാണ്. ഈ ആഴ്ച ദുബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് 390 ദിർഹം മുതലാണ് ടിക്കറ്റ്. 15ന് ശേഷം തിരിച്ചുവരുന്നവർക്ക് 485 ദിർഹം മുതൽ ടിക്കറ്റ് ലഭിക്കും. അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് ഏകദേശം ഈ നിരക്ക് തന്നെയാണ്.
ലഗേജിന് ഇളവ് നൽകിയും വിമാനക്കമ്പനികൾ യാത്രക്കാരെ ആകർഷിക്കുന്നുണ്ട്. എയർ ഇന്ത്യ നാട്ടിലേക്ക് 35 കിലോ ബാഗേജാണ് അനുവദിക്കുന്നത്. അതേസമയം, ഒക്ടോബർ 20ന് ശേഷം വിമാനനിരക്ക് കുതിച്ചുയരുന്നതും കാണാം. ദീപാവലി വരുന്നത് മുന്നിൽകണ്ടാണ് ഈ തീയതികളിൽ നിരക്ക് ഉയർത്തിയിരിക്കുന്നത്. കേരളത്തിലേക്ക് ഈ ദിനങ്ങളിൽ നിരക്ക് കുത്തനെ ഉയരുന്നില്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കും 1000 ദിർഹമിന് മുകളിലാണ് നിരക്ക്. തിരികെയെത്താൻ 1500 ദിർഹമിന് മുകളിൽ നൽകേണ്ടിവരും.
വിസ്താര മുംബൈ-അബൂദബി നോണ്‍ സ്റ്റോപ് സര്‍വിസിന് തുടക്കം
അബൂദബി: ടാറ്റ ഗ്രൂപ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ 'വിസ്താര' മുംബൈക്കും അബൂദബിക്കുമിടയിൽ നോണ്‍സ്റ്റോപ് സര്‍വിസിന് തുടക്കമായി. ഇന്ത്യന്‍ സമയം വൈകീട്ട് 7.10ന് മുംബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം 8.40ന് അബൂദബിയിലെത്തും. ബിസിനസ്, ഇക്കോണമി ക്ലാസിന് പുറമെ, പ്രീമിയം ഇക്കോണമി ക്ലാസും വിസ്താരയുടെ ഈ പ്രഥമ സര്‍വിസിലുണ്ട്. യു.എ.ഇയിലും ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ടെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

