ഫുജൈറ ബിദിയയിലെ ‘വ്യാഴാഴ്ച ചന്ത’ പൊളിച്ചു മാറ്റുന്നു
text_fieldsഫുജൈറ: ഫുജൈറ- ബിദിയയിലെ പഴയകാല പച്ചക്കറി,-മത്സ്യ മാര്‍ക്കറ്റ് പൊളിച്ചു മാറ്റുന്നു. ഏകദേശം 30 വര്‍ഷത്തെ പഴക്കമുണ്ട് ‘വ്യാഴാഴ്ച ചന്ത” എന്ന് അറിയപ്പെടുന്ന ബിദിയയിലെ ഈ ഓപ്പണ്‍ മാര്‍ക്കറ്റിന്. ബിദിയയിലെയും സമീപ പ്രദേശങ്ങളിലെയും തോട്ടങ്ങളില്‍ കൃഷിചെയ്യുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇവിടെ പ്രധാനമായും വില്‍ക്കപ്പെടുന്നത്.
തൊട്ടടത്തു തന്നെ മീന ചന്തയും ഉണ്ട്. കടല്‍തീരത്തിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഈ മാര്‍ക്കറ്റിലേക്ക് ഇവിടെ നിന്നു തന്നെ പിടിക്കുന്ന മത്സ്യങ്ങള്‍ ആണ് വിൽപനക്ക് എത്തുന്നത്. ഫുജൈറയിലെയും ദിബ്ബയിലെയും മാര്‍ക്കറ്റിലെ വില താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ പച്ചകറികള്‍ക്കും മത്സ്യങ്ങള്‍ക്കും വിലയും കുറവാണ്. പുതിയ പച്ചക്കറികളും മത്സ്യവും ലഭിക്കുന്നത് കാരണം തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ധാരാളം ഇവിടെ എത്താറുണ്ട്. തൊട്ടടുത്ത തോട്ടങ്ങളില്‍ തന്നെ കൃഷിചെയ്യുന്ന കപ്പ, മാങ്ങ, ചക്ക, നാവല്‍ പഴം എന്നിവ സുലഭമായി ലഭിക്കുന്നത് കാരണം മലയാളികളും ഇവിടെ ധാരാളം എത്താറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പുരാതന പള്ളിയായ ബിദിയപള്ളിയിലേക്ക് വരുന്ന വിനോദസഞ്ചാരികളും ഈ മാര്‍ക്കറ്റിലെ സന്ദര്‍ശകരാണ്.
തോട്ടങ്ങളില്‍ ജോലി ചെയുന്ന ബംഗാളികള്‍ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ഇവിടെ റോഡരികില്‍ കൂട്ടിയിട്ടായിരുന്നു വില്‍പന നടത്തിയിരുന്നത്. ഒഴിവു ദിവസമായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സമീപവാസികള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ കൂടുതലായി ഇവിടെ എത്തുകയും ക്രമേണ ഇതൊരു മാര്‍ക്കറ്റ് ആയി രൂപപ്പെടുകയുമായിരുന്നെന്നും ഇവിടെ റസ്റ്റോറൻറ് നടത്തുന്ന മലപ്പുറം വെട്ടിച്ചിറ സ്വദേശി അബൂബക്കര്‍ പറയുന്നു. അങ്ങിനെയാണ് വ്യാഴാഴ്ച ചന്ത എന്ന പേര് വരുന്നത്. പിന്നീട് ആറു വര്‍ഷത്തിനു ശേഷമാണ് ഇതിനു സമാന രീതിയിലുള്ള “വെള്ളിയാഴ്ച ചന്ത” മസാഫിയില്‍ ആരംഭിക്കുന്നത്.
ചന്ത പൊളിച്ചു മാറ്റുന്നതോടു കൂടി തൊട്ടടുത്തു തന്നെ സ്ഥാപിച്ച പുതിയ കെട്ടിടത്തിലേക്ക് എല്ലാ കച്ചവടവും മാറ്റും. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് സാധാരണ രൂപത്തില്‍ ഉള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടു കൂടി പഴയ രീതിയിലുള്ള കച്ചവടം ലഭിക്കുമോ എന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.