അജ്മാനിൽ തുംബെ ഗ്രൂപ് അന്താരാഷ്ട്ര മെഡിക്കൽ ഗവേഷണ കേന്ദ്രത്തിന് ശിലയിട്ടു
text_fieldsഅൽ ജർഫിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന തുംബെ ഇന്‍റർനാഷനൽ റിസർച്ച് സെന്‍ററി‘ന്‍റെ ശിലാസ്ഥാപന ചടങ്ങ്
അജ്മാൻ: അജ്മാനിലെ അൽ ജർഫിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആറുനില ഗവേഷണ സ്ഥാപനമായ ‘തുംബെ ഇന്‍റർനാഷനൽ റിസർച്ച് സെന്‍ററി‘ന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു. അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ ദുസിത് അജ്മാൻ റിസോർട്ടിൽ നടന്ന ചടങ്ങിൽ തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്‌തീൻ ആതിഥ്യം വഹിച്ചു. ശാസ്ത്രീയ കണ്ടെത്തലുകൾ, രോഗനിർണയം, ക്ലിനിക്കൽ പരിചരണം എന്നിവ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി.
അൽ ജർഫിലെ ഹെൽത്ത് കെയർ-അക്കാദമിക് മേഖലയിൽ ഏകദേശം 3,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ അത്യാധുനിക കേന്ദ്രം ഉയരുന്നത്. കെട്ടിടത്തിന്‍റെ വിവിധ നിലകളിലായി സ്റ്റാർട്ട്-അപ്പ് ലബോറട്ടറികൾ, ഇൻകുബേഷൻ സെന്‍റർ, അഡ്വാൻസ്ഡ് എ.ആർ/വി.ആർ ലാബ്, കാൻസർ ഗവേഷണ വിഭാഗം, ജീനോമിക്സ്, ബയോ ഇൻഫോർമാറ്റിക്സ് എന്നിവക്കുള്ള സൗകര്യങ്ങൾ ഒരുക്കും. ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ (ജി.എം.യു) മെഡിസിൻ, ഡെന്‍റിസ്ട്രി, ഫാർമസി, നഴ്സിങ് ഉൾപ്പെടെയുള്ള വിവിധ കോളജുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കും സ്ഥിരമായി ആശ്രയിക്കാവുന്ന ആസ്ഥാനമായി ഈ കേന്ദ്രം മാറും.
വൈദ്യശാസ്ത്ര രംഗത്തെ കണ്ടെത്തലുകളും ചികിത്സയും ഒന്നിച്ച് കൊണ്ടുപോവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. തുംബെ മൊയ്‌തീൻ ചടങ്ങിൽ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ മികച്ച ഗവേഷണങ്ങൾ നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഈ കേന്ദ്രം നൽകുമെന്ന് ജി.എം.യു ചാൻസലർ പ്രൊഫ. മന്ദ വെങ്കട്ടരമണയും കൂട്ടിച്ചേർത്തു. നിലവിൽ സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘തുംബെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിസിഷൻ മെഡിസിൻ’ ഇനിമുതൽ ഈ പുതിയ കെട്ടിടം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. ഇത് കൂടുതൽ വിപുലമായ കാൻസർ-പ്രമേഹ ജനിതക പഠനങ്ങൾ സാധ്യമാക്കും.
ശിലാസ്ഥാപന ചടങ്ങിൽ രണ്ടാം തുംബെ ഇന്‍റർനാഷനൽ റിസർച്ച് ഗ്രാന്‍റും പ്രഖ്യാപിച്ചു. ഹാർവാർഡ് മെഡിക്കൽ സ്കൂൾ ഉൾപ്പെടെ ലോകത്തിലെ 26 രാജ്യങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന 13 ഗവേഷണ പ്രോജക്റ്റുകൾക്കായി 30 ലക്ഷം ദിർഹത്തിന്‍റെ ധനസഹായമാണ് അനുവദിച്ചത്.
കൂടാതെ, വ്യവസായ-സാമൂഹിക വികസന മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ച് കെ.ഇ.എഫ് ഹോൾഡിങ്സ്, ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനും ചെയർമാനുമായ കെ.ഇ. ഫൈസൽ, ഇലക്ട്രിക് വേ ചെയർമാൻ മുഹമ്മദ് മീരാൻ എന്നിവർക്ക് വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി എല്ലാ അക്കാദമിക് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.gmu.ac.ae സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

