തൃശൂർ കൂട്ടായ്മ തുണച്ചു; രാം നിവാസ് നാട്ടിലേക്ക് പറന്നു
text_fieldsദുബൈ: ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് മാസങ്ങളായി പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്ന രാജസ്ഥാന്‍ സ്വദേശി രാം നിവാസിനെ ദുബൈ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കൂട്ടായ്മ മുൻകൈയെടുത്തു സ്വദേശത്തേക്കു അയച്ചു. നിയമാനുസൃതമായ യാത്രാരേഖകൾ സംഘടിപ്പിച്ച് വിമാന ടിക്കറ്റ് എടുത്ത് നൽകിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. 2006-ല്‍ യു.എ.ഇയില്‍ വന്ന രാം നിവാസ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ രണ്ടു വർഷം മുൻപ് കമ്പനി പൂട്ടി. യാത്രാരേഖകൾ എല്ലാം കമ്പനിയിൽ അകപ്പെട്ടു, വിസ കാലാവധിയും കഴിഞ്ഞിരുന്നു. ഇതിനിടെ വൃക്കരോഗം മൂലം നാലു മാസത്തോളം റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞു.
രണ്ടു മാസമായി ദേര മുത്തീന പാര്‍ക്കിലാണ് അന്തിയുറങ്ങിയിരുന്നത്. പാര്‍ക്കില്‍ വെച്ച് നികേഷും ഭാര്യ അപര്‍ണ്ണയും അദ്ദേഹത്തെ കണ്ടതാണ് വഴിത്തിരിവായത്. കൂട്ടായ്മയുടെ സെക്രട്ടറി സിന്ധു മോഹൻ വിവരം കൂട്ടായ്മ അംഗങ്ങളുമായി പങ്കുവെച്ചതോടെ അംഗങ്ങൾ ദൗത്യം ഏറ്റെടുത്തു. യു.എ.ഇയിലെത്തിയതിന് ശേഷം രാം നിവാസ് സ്വദേശത്തേക്കു പോയിട്ടില്ല. പാർക്കിലെ ജീവിതത്തിനിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതോടെ കുടുംബവുമായുള്ള ആശയവിനിമയം പോലും ഇല്ലാതായി. പുത്തൻ വസ്ത്രങ്ങളും കുടുംബത്തിലേക്കുള്ള ആവശ്യവസ്തുക്കളടങ്ങിയ പെട്ടിയും നൽകി തൃശൂർ കമ്മിറ്റി ബുധനാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അദ്ദേഹത്തെ ഭാര്യ സാന്ദ്രയുടെയും മക്കളായ സുമന്റെയും അനിലിന്റെയും അരികിലേക്ക് യാത്രയാക്കി.എൻ.പി. രാമചന്ദ്രന്‍, ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദാലി, സി. സാദിഖലി, തൃശൂര്‍ ജില്ലാ പ്രസിഡൻറ് ബി.പവിത്രന്‍, ജനറല്‍ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, പി.എം.അബ്ദുല്‍ ജലീല്‍, സെക്രട്ടറി സിന്ധുമോഹന്‍, അപര്‍ണ്ണ, നികേഷ് എന്നിവര്‍ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
