അനധികൃത സൗന്ദര്യവർധക ചികിത്സ; ദുബൈയിൽ മൂന്നു സ്ത്രീകൾ അറസ്റ്റിൽ
text_fieldsദുബൈ: താമസ കെട്ടിടത്തിൽ അനധികൃതമായി സൗന്ദര്യവർധക ചികിത്സ നടത്തിവന്ന മൂന്ന് സ്ത്രീകളെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നു പേരും ചേർന്ന് ലൈസൻസില്ലാതെ വൈദ്യ ചികിത്സയും കെട്ടിടത്തിൽ നടത്തിയിരുന്നു.
ഇത്തരം നടപടികൾ പൊതു സുരക്ഷക്ക് ഭീഷണിയുയർത്തുകയും നിയമ ലംഘനവുമാണെന്ന് അതോറിറ്റി അറിയിച്ചു. ഫ്ലാറ്റിൽ അനധികൃതമായി ചികിത്സ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് മൂന്നു സ്ത്രീകളും പിടിയിലായത്. അറസ്റ്റിലായ മൂന്നുപേരും യൂറോപ്യൻ പൗരകളാണ്. പരിശോധനയിൽ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ നടത്തുന്ന സൗന്ദര്യവർധക, മെഡിക്കൽ പ്രാക്ടീസുകൾ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയുയർത്തുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകി.
നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് മാത്രം ഇത്തരം ട്രീറ്റ്മെന്റുകൾ തേടണമെന്നും പൊതുജനങ്ങളോട് ദുബൈ പൊലീസ് അഭ്യർഥിച്ചു. അനധികൃതമായ മെഡിക്കൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ഐ സർവിസിലോ 901 എന്ന നമ്പറിലോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

