അല്‍ ഐനില്‍ മൂവായിരം വര്‍ഷം പഴക്കമുള്ള ശ്മശാനം കണ്ടെത്തി
text_fieldsഅല്‍ ഐനില്‍ കണ്ടെത്തിയ മൂവായിരം വര്‍ഷം പഴക്കമുള്ള സെമിത്തേരി
അബൂദബി: മൂവായിരം വര്‍ഷം പഴക്കമുള്ള ഇരുമ്പ് യുഗത്തിലെ സെമിത്തേരി അല്‍ ഐന്‍ മേഖലയില്‍ കണ്ടെത്തി. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് യു.എ.ഇയിലെ തന്നെ ഈ ഗണത്തിലുള്ള ആദ്യ ശ്മശാനം കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. നൂറിലേറെ ശവകുടീരങ്ങള്‍ ഇവിടെയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
യു.എ.ഇയുടെ ചരിത്രത്തിലെ അറിയാക്കഥകളിലേക്ക് വെളിച്ചം വീശുന്നതാവും നിര്‍ണായക കണ്ടെത്തല്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ശവകുടീരങ്ങളില്‍ പലതും കൊള്ളക്ക് വിധേയമായിട്ടുണ്ടെങ്കിലും പുരാവസ്തു ഗവേഷകര്‍ക്ക് മനുഷ്യശരീര അവശിഷ്ടങ്ങളും ആഭരണങ്ങളും പാത്രങ്ങളും അടക്കമുള്ള ഇരുമ്പുയുഗാവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെത്താനായി.
ഓവൽ രൂപത്തിലുള്ള ശവകുടീരത്തിന് രണ്ട് മീറ്റര്‍ ആഴമുണ്ട്. മൃതദേഹവും ശവകുടീര വസ്തുക്കളും അറയില്‍ വെച്ചശേഷം, പ്രവേശന കവാടം ഇഷ്ടികകളോ കല്ലുകളോ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ഇതിനാല്‍ തന്നെ ഇവ കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. യാതൊരുവിധ അടയാളങ്ങളും ഇല്ലാത്തതാണ് ഇരുമ്പുയുഗത്തിലെ ശവകുടീരങ്ങള്‍ ഇതുവരെ കണ്ടെത്താനാകാതെ പോയതിന്റെ കാരണമെന്നും സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുറത്തെടുത്ത മൃതദേഹ ഭാഗങ്ങള്‍ ലബോറട്ടറി പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നാലേ യഥാര്‍ഥ പഴക്കവും മരിച്ചയാളുടെ പ്രായവും ലിംഗവും മരണകാരണവും അടക്കമുള്ള വിവരങ്ങള്‍ അറിയാനാവൂ. കഴിഞ്ഞ 65 വര്‍ഷത്തിനിടെ അല്‍ ഐനില്‍ ഒട്ടേറെ ശിലായുഗ ഗ്രാമങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ഭൂഗര്‍ഭ ജല വിതരണ സംവിധാനവും (ഫലാജ്), പുരാതന ഉദ്യാനവും അടക്കമുള്ളവ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

