വ്യാജ മൊബൈൽ സിഗ്നൽ സൃഷ്ടിക്കൽ; മൂന്നുപേർക്ക് ജയിൽശിക്ഷ
text_fieldsദുബൈ: ബാങ്ക് വിവരങ്ങൾ കൈക്കലാക്കാൻ പൊതുസ്ഥലങ്ങളിൽ വ്യാജ മൊബൈൽ തരംഗങ്ങൾ സൃഷ്ടിച്ച കേസിൽ അറസ്റ്റിലായ മൂന്നുപേർക്ക് ദുബൈ ക്രിമിനൽ കോടതി ആറ് മാസത്തെ ജയിൽശിക്ഷ വിധിച്ചു. മൂന്നുപേരും ഏഷ്യൻ വംജരാണ്. ഇറക്കുമതി ചെയ്ത സിഗ്നൽ ജാമറുകളും വിവര സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് യഥാർഥ മൊബൈൽ തരംഗങ്ങളെ ഹൈജാക്ക് ചെയ്ത് സമാന്തരമായി മറ്റൊരു ഫ്രീക്വൻസി വിതരണം ചെയ്തായിരുന്നു തട്ടിപ്പ്.
ഇതറിയാതെ ഈ കണക്ഷൻ ഉപയോഗിക്കുന്നവരുടെ മൊബൈലിലേക്ക് ബാങ്ക്, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുകയും ഇതുവഴി വ്യക്തിവിവരങ്ങൾ ചോർത്തിയെടുക്കുകയുമായിരുന്നു ലക്ഷ്യം. മൊബൈൽ ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നതിനായി യഥാർഥ സ്ഥാപനങ്ങളുടെ ലോഗോയും ഭാഷയുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ദുബൈ മറീന ഭാഗത്ത് താമസിക്കുന്നയാൾക്കാണ് സംശയകരമായ രീതിയിൽ ബാങ്കിങ് മെസേജുകൾ വന്നത്. ഇയാൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടെലികോം അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തായത്. ദുബൈ മറീനക്കും പാം ജുമൈറക്കും ഇടയിലാണ് വ്യാജ സിഗ്നലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഈ സിഗ്നലുകൾ പിന്തുടർന്ന പൊലീസ് എത്തിയത് പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനത്തിനടുത്തായിരുന്നു.
വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് നിരവധി ജാമിങ് ഉപകരണങ്ങൾ, കമ്പ്യൂട്ടർ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന ബാറ്ററികൾ, ഇലക്ട്രിക് കൺവർട്ടറുകൾ, സിഗ്നൽ റിസീവറുകൾ, എസ്.എം.എസ് അയക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെയും അറസ്റ്റു ചെയ്തു. ഇതിൽ രണ്ടുപേർ കുറ്റം നിഷേധിച്ചു. ടെലിഗ്രാം വഴിയാണ് ഇവരെ നിയമിച്ചതെന്നും ദിവസം 2500 ദിർഹമാണ് കൂലിയെന്നുമായിരുന്നു ഇവരുടെ മൊഴി. അതേസമയം, മൂന്നാം പ്രതി 10,000 ദിർഹമിന് താനാണ് ഉപകരണങ്ങൾ വാഹനത്തിൽ ഘടിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എങ്കിലും, തട്ടിപ്പ് നടത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. അതേസമയം, മൂന്നുപേരുടെയും മൊഴികൾ അംഗീകാരിക്കാൻ തയാറാവാത്ത കോടതി പ്രതികൾക്ക് ആറു മാസം ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികളിൽനിന്ന് എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കാനും ശിക്ഷ കാലാവധിക്ക് ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

