ലോകത്തെ മികച്ച ഹോട്ടലുകളിൽ മൂന്ന് ശുറൂഖ് പദ്ധതികളും
text_fieldsഷാർജ: ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്) വികസിപ്പിച്ച മൂന്ന് പ്രീമിയം ഹോസ്പിറ്റാലിറ്റി പദ്ധതികൾ 2025ലെ ലോകമെമ്പാടുമുള്ള മികച്ച 10 ശതമാനം ഹോട്ടലുകളിൽ ഇടംനേടി. ഷാർജയിലെ ദി ചേഡി അൽ ബൈത്ത്, അൽ ബദായർ റിട്രീറ്റ്, കിങ്ഫിഷർ റിട്രീറ്റ് എന്നിവയാണ് നേട്ടം കൈവരിച്ചത്. സുസ്ഥിരത, പ്രാദേശിക വ്യതിരിക്തത, ലോകോത്തര പാചക അനുഭവങ്ങൾ എന്നിവക്കൊപ്പം ആതിഥ്യമര്യാദയുടെ ഗുണനിലവാരവും മികവും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ആഡംബരത്തെ സംസ്കാരവുമായും ചരിത്രവുമായും സംയോജിപ്പിക്കുന്ന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശുറൂഖിന്റെ നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് നേട്ടത്തെ വിലയിരുത്തുന്നത്. ഓരോ സ്ഥലത്തിന്റെയും സംസ്കാരത്തെ ഉൾക്കൊള്ളുന്ന സംവിധനങ്ങളാണ് ശുറൂഖ് വികസിപ്പിച്ചത്. ഇതുവഴി ഇറാറാത്തി പൈതൃകവുമായി ഇടപഴകാനുള്ള അവസരം അതിഥികൾക്ക് ലഭിക്കുന്നുണ്ട്.
ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ട്രിപ്പ് അഡ്വൈസറിലെ സഞ്ചാരികളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. യാത്രക്കാരുടെ അഭിപ്രായങ്ങൾക്കായുള്ള ആഗോള റഫറൻസായാണിത് വിലയിരുത്തപ്പെടുന്നത്. ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം, സുസ്ഥിരതയും ഗുണനിലവാരവും സംയോജിപ്പിക്കുന്ന കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന തന്ത്രപരമായ കാഴ്ചപ്പാടാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നതെന്ന് ശുറൂഖ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ 15വർഷമായി ഷാർജയുടെ വിവിധഭാഗങ്ങളിലെ 52 പദ്ധതികളിലൂടെ 6 കോടി ചതുരശ്ര അടി ഭൂമിയിൽ വികസനം നടപ്പിലാക്കുകയും ഇതിനായി 720 കോടി ദിർഹം ചെലവഴിക്കുകയും ചെയ്തതായി ശുറൂഖ് ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികൾ, 18 വിനോദകേന്ദ്രങ്ങൾ, 10 ഹോസ്പിറ്റാലിറ്റി പദ്ധതികൾ, 7.7 കിലോമീറ്റർ ബീച്ച് വികസനം എന്നിവ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

