യു.എ.ഇയിൽ ഫുട്ബാളിനിടെ അടിപിടി; മൂന്ന് താരങ്ങൾക്ക് സസ്പെൻഷനും വൻ തുക പിഴയും
text_fieldsദുബൈ: അഡ്നോക് പ്രോ ലീഗിനിടെ സ്റ്റേഡിയത്തിലും ഗ്രൗണ്ടിലുമുണ്ടായ അടിപിടിയും ബഹളവുമായി ബന്ധപ്പെട്ട് മൂന്ന് താരങ്ങൾക്ക് സസ്പെൻഷനും വൻ തുക പിഴയും. മത്സരത്തിൽ പങ്കെടുത്ത അൽ വദ്ഹ, അൽഐൻ ടീമുകളുടെ അടുത്ത നാല് മത്സരങ്ങൾ അടച്ചിട്ട വേദിയിൽ നടത്താനും യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ നിർദേശം നൽകി. അൽ വദ്ഹയും അൽഐനും തമ്മിൽ അബൂദബിയിൽ നടന്ന മത്സരത്തിലാണ് അടിപിടിയുണ്ടായത്.
അൽ വദ്ഹ ടീമിലെ രണ്ട് പേരെയും അൽഐനിലെ ഒരാളെയുമാണ് സസ്പെൻഡ് ചെയ്തത്. അൽ വദ്ഹ താരം ഇസ്മായിൽ മത്താറിന് രണ്ട് മത്സരത്തിൽ നിന്ന് വിലക്കും രണ്ട് ലഷം ദിർഹം (40 ലക്ഷം രൂപ) പിഴയും വിധിച്ചു. എതിർതാരത്തിനെ ആക്രമിച്ചതിനാണ് നടപടി.
ഇതേ ടീമിലെ ഖമീൽ ഇസ്മയിലിന് രണ്ട് കളിയിൽ നിന്ന് വിലക്കും 90,000 ദിർഹം പിഴയുമിട്ടു. എതിർതാരത്തെ ആക്രമിക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം. സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് അൽഐൻ താരം എറിക് ജുർഗൻസിനെ മൂന്ന് കളിയിൽ നിന്ന് വിലക്കിയത്. ഒന്നര ലക്ഷം ദിർഹം പിഴയുമിട്ടു.
സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമായ പ്രവൃത്തിയിൽ ഏർപെട്ടതിന് അൽഐൻ താരങ്ങളായ സുഫിയാൻ റാഹിമി, ഖാലിദ് ഇസ്സ, നാസർ അൽ ഷുഖൈലി എന്നിവർക്ക് 25,000 ദിർഹം പിഴയും താക്കീതും നൽകി. ബഹളത്തിൽ ഏർപെട്ടതിന് അൽഐൻ ഫിറ്റ്നസ് കോച്ചിനെ നാല് മത്സരങ്ങളിൽ നിന്ന് വിലക്കുകയും 75,000 ദിർഹം പിഴ അടക്കാൻ വിധിക്കുകയും ചെയ്തു.
കാണികളുടെ മോശം പെരുമാറ്റത്തെ തുടർന്നാണ് അടച്ചിട്ട വേദികളിൽ മത്സരം നടത്താൻ നിർദേശം നൽകിയത്. അടിപിടിയുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപിച്ചിരുന്നു. കാണികൾ ഗ്രൗണ്ടിലിറങ്ങി ബഹളമുണ്ടാക്കുന്നതും പൊലീസ് പിടികൂടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്‌റ്റേഡിയത്തില്‍ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസീക്യൂഷന്‍ ഉത്തരവിട്ടിരുന്നു. കാണികള്‍ കായിക മര്യാദ പുലര്‍ത്തണമെന്നും മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തില്‍ ആക്കരുതെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

