ദുബൈയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsദുബൈ: ദുബൈയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. അൽ ഖൈൽ റോഡിൽ അബൂദബി ദിശയിലാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.
നമ്പർ പ്ലേറ്റ് എടുക്കാൻ റോഡിന്റെ മധ്യത്തിൽ ഒരു വാഹനം നിർത്തിയതാണ് അപകടത്തിന് കാരണമായത്. ഈ വാഹനത്തിന് പിന്നാലെ വന്ന മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അപകട സ്ഥലത്ത് ട്രാഫിക് വിദഗ്ധർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ട്രാഫിക് പട്രോളുകൾ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയും അടിയന്തര സേവനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
റോഡിന്റെ നടുവിൽ വാഹനം നിർത്തുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്ന നിയമലംഘനമാണെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നിർത്തിയാൽ 1000 ദിർഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ചുമത്തും. ഗതാഗത തടസ്സത്തിന് 500 ദിർഹം പിഴയും ചുമത്തുന്നതാണ്.
വാഹനം തകരാറിലായാൽ ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുക,നിങ്ങളുടെയും മറ്റു യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, സാധ്യമെങ്കിൽ മുന്നറിയിപ്പ് ട്രയാംഗിൾ സ്ഥാപിക്കുക, വാഹനത്തിൽ നിന്നിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറുക, പൊലീസിനെ ഉടൻ അറിയിക്കുക തുടങ്ങിയ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

