അജ്മാനില്‍ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു
text_fieldsഅജ്മാന്‍ നഗരസഭ ആസൂത്രണവകുപ്പ് ഉദ്യോഗസ്ഥർ അൽ മുഖീദ പാർക്കിൽ
അജ്മാന്‍: എമിറേറ്റിൽ മൂന്ന് പുതിയ പാർക്കുകൾ കൂടി തുറന്നു. അജ്മാന്‍റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. 595 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ മുവൈഹത്തിലെ അൽ ബറഖ പാർക്ക്, 2100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ റഖൈബിലെ അൽ മുഖീദ പാർക്ക്, 6500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുഹമ്മദ് ബിൻ സായിദ് ഒന്നിലെ അൽ മുൻതാസി പാർക്ക് എന്നിവയാണ് പുതിയ പാർക്കുകൾ.
നടപ്പാതകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കുടുംബങ്ങൾക്കായി ഇരിപ്പിടങ്ങൾ, ഹരിത ഇടങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ സൗകര്യങ്ങൾ ഈ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലവിലെ പാർക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള കളിസ്ഥലങ്ങൾ, വർധിച്ച ഹരിത ഇടങ്ങൾ, തണലുള്ള ഇരിപ്പിടങ്ങൾ എന്നിവയുൾപ്പെടെ മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടുണ്ട്. വിവിധ സമൂഹങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളർത്തുന്നതിനും ശാരീരികപ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുമായി റെസിഡൻഷ്യൽ കമ്യൂണിറ്റികൾക്ക് സമീപമാണ് പാർക്കുകൾ സ്ഥിതി ചെയ്യുന്നത്.
നഗര ഭൂപ്രകൃതി വർധിപ്പിക്കുന്നതിനും കുടുംബസൗഹൃദ ഇടങ്ങൾ നൽകുന്നതിനുമുള്ള വകുപ്പിന്‍റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാർക്ക് പദ്ധതികളെന്ന് അജ്മാന്‍ നഗരസഭ ആസൂത്രണവകുപ്പ് പൊതുജനാരോഗ്യ പരിസ്ഥിതിമേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജിനീയർ ഖാലിദ് മുഈൻ അൽ ഹൊസാനി പറഞ്ഞു. വനവത്കരണ പദ്ധതികളുടെ വിജയത്തിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സമൂഹപങ്കാളിത്തം ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

