എക്സ്പോയിലേക്ക് മൂന്നുമാസം; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു
text_fieldsദുബൈ: ലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്ന ദുബൈ എക്സ്പോ 2020ലേക്ക് ഇനി മൂന്നുമാസം. കോവിഡാനന്തരം ലോകത്ത് നടക്കുന്ന ഏറ്റവും വലിയമേളക്ക് മിക്ക രാജ്യങ്ങളിൽനിന്നുമായി രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ ഒന്നുമുതൽ ആറുമാസം നീണ്ടുനിൽക്കുന്ന മേളയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. ഒറ്റത്തവണ പ്രവേശനത്തിന് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആറു മാസത്തെ പാസിന് 495 ദിർഹമും ഒരു മാസത്തെ പാസിന് 195 ദിർഹവുമാണ് നിരക്ക്.
വിവിധ ദിവസങ്ങളിൽ നടക്കുന്ന തത്സമയ വിനോദ പരിപാടികൾക്ക് പങ്കെടുക്കാൻ ആറുമാസത്തെ പാസെടുക്കുന്നതിലൂടെ സാധ്യമാകും. എപ്പോഴും മേളയിലേക്ക് പ്രവേശിക്കാൻ ഈ പാസുള്ളവർക്ക് അനുവാദമുണ്ടാകും. ഈ മാസം 18മുതൽ എക്സ്പോ വെബ്സൈറ്റായ expo2020dubai.com യിലൂടെ ടിക്കറ്റുകൾ വാങ്ങാം. ലോകത്താകമാനമുള്ള 2500അംഗീകൃത ടിക്കറ്റ് വിൽപന കേന്ദ്രങ്ങൾ വഴിയും ഇത് ലഭ്യമാകും. ഓൺലൈൻ ട്രാവൽ ഏജൻറുമാർ, ടൂർ ഓപറേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, വിമാനക്കമ്പനികൾ എന്നിവയടങ്ങുന്നവർക്കാണ് ടിക്കറ്റ് വിൽപനക്ക് അംഗീകാരം നൽകുക.
ദിവസവും 1.2 ലക്ഷം പേരെ വീതമാണ് എക്സ്പോയിലേക്ക് കടത്തിവിടുക. കോവിഡ് പശ്ചാത്തലത്തിലാണ് നിലവിൽ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, രോഗവ്യാപനത്തിെൻറ തോതനുസരിച്ച് ഇതിൽ മാറ്റമുണ്ടാകാം. സന്ദർശകർ വാക്സിൻ സ്വീകരിക്കണമെന്ന നിർബന്ധമുണ്ടാകില്ലെന്ന് നേരത്തെ എക്സ്പോ ഡയറക്ടർ റീം അൽ ഹാശിമി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പരാമാവധി എല്ലാവരെയും അതിനായി അധികൃതർ പ്രേരിപ്പിക്കുന്നുണ്ട്.
എക്സ്പോയിലെ മുഴുവൻ സ്റ്റാഫും വാക്സിൻ സ്വീകരിച്ചവരായിരിക്കും. മാസ്ക് ധരിക്കൽ നിർബന്ധമായിരിക്കും. സാനിറ്റൈസേഷന് വിപുലമായ സൗകര്യങ്ങളും നഗരിയിൽ ഒരുക്കും. സന്ദർശകർക്ക് പ്രവേശനത്തിന് ക്യൂ ഏർപ്പെടുത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. ആദ്യമായി പശ്ചിമേഷ്യയിൽ എത്തുന്ന ആഗോളമേളക്ക് 190 രാജ്യങ്ങളിൽനിന്നുള്ള പവലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
ഇവർക്ക് സൗജന്യം പ്രവേശനം
18 വയസ്സിന് താഴെയുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60 വയസ്സ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർഥികൾ എന്നിവർക്ക് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഒപ്പമെത്തുന്ന സഹായിക്ക് 50 ശതമാനം ടിക്കറ്റ് ഇളവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

