മൂന്ന് രാജ്യാന്തര കുറ്റവാളികൾ ദുബൈയിൽ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ രാജ്യാന്തര കുറ്റവാളികൾ
ദുബൈ: രാജ്യാന്തര തലത്തിൽ കുപ്രസിദ്ധരായ മൂന്ന് പിടികിട്ടാപ്പുള്ളികൾ ദുബൈയിൽ അറസ്റ്റിലായി. ബെൽജിയം പൗരന്മാരായ കുറ്റവാളികളെ പിടികൂടിയ ശേഷം ദുബൈ പൊലീസ് നാടുകടത്തി. രാജ്യാന്തര തലത്തിലെ കുറ്റകൃത്യ ശൃംഖലക്ക് വൻ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്നുപേരും അന്താരാഷ്ട്ര തലത്തിൽ സുരക്ഷ ഏജൻസികൾ തിരയുന്നവരായിരുന്നുവെന്നും ദുബൈ മീഡിയ ഓഫിസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ(ഇന്റർപോൾ), യൂറോപ്യൻ യൂനിയൻ ഏജൻസി ഫോർ ലോ എൻഫോഴ്സ്മെന്റ് കോഓപറേഷൻ(യൂറോപോൾ) എന്നീ കുറ്റാന്വേഷണ സംവിധാനങ്ങൾ പ്രധാനമായും ലക്ഷ്യംവെച്ചിരുന്ന കുറ്റവാളികളാണ് പിടിയിലായത്. യൂറോപ്പിലെ തന്നെ ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളായാണിവർ വിലയിരുത്തപ്പെടുന്നത്. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസ് അടിസ്ഥാനമാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ബെൽജിയത്തിലേക്കാണ് പ്രതികളെ നാടുകടത്തിയത്. ഇവരുടെ വിചാരണയും നടപടികളും ജന്മനാട്ടിൽ നടക്കും.
അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ദുബൈ പൊലീസിന്റെ നടപടികളുടെ വിജയമാണ് പ്രതികളുടെ അറസ്റ്റ്. നേരത്തെയും നിരവധി അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടുന്നതിൽ ദുബൈ പൊലീസ് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടുണ്ട്.അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തോടുള്ള യു.എ.ഇയുടെ അചഞ്ചലമായ പ്രതിബദ്ധതയും രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിൽ അതിന്റെ തന്ത്രപരമായ പങ്കും ഈ അറസ്റ്റുകൾ അടയാളപ്പെടുത്തുന്നതായി ദുബൈ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.ഏറ്റവും നൂതനമായ നിരീക്ഷണ സംവിധാനങ്ങളും അന്താരാഷ്ട്ര സഹകരണവും ദുബൈ പൊലീസിന് കുറ്റവാളികളെ കണ്ടെത്താനും പിടികൂടാനും സഹായിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

