ഫുജൈറ പവർ പ്ലാന്റ് പ്രോജക്ടിന് മൂന്ന് ഗ്യാസ് ടർബൈനുകൾ കൈമാറി
text_fieldsഫുജൈറ പവർ പ്ലാന്റ്
ഫുജൈറ: അബൂദബി പോർട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഫുജൈറ ടെർമിനൽസ്, ഫുജൈറ എഫ്-3 പവർ പ്ലാന്റ് പ്രോജക്ട് വികസനത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഏറ്റവും വലിയ മൂന്ന് ഗ്യാസ് ടർബൈനുകൾ കൈമാറി.
ഈ വർഷം കമീഷൻ ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫുജൈറ എഫ്-3 പവർ പ്ലാന്റ് പ്രോജക്ട് യു.എ.ഇയിലെ ഏറ്റവും വലിയ സംയുക്ത സൈക്കിൾ പവർ പ്ലാന്റാണ് (സി.സി.പി.പി). ഇത് യു.എ.ഇയിലുടനീളമുള്ള 380,000 വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാന് ശേഷിയുള്ളതാണ്. 13.85 മീ. നീളവും 6.12 മീ. വീതിയും 5.98 മീ. ഉയരവുമുള്ള ഓരോന്നിനും 528 ടൺ ഭാരമുണ്ട്. ഇവ വിജയകരമായി സ്ഥാപിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി വിദഗ്ധരായ പ്രവർത്തന-സുരക്ഷ വിദഗ്ധരുടെ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടർബൈൻ ഷിപ്മെന്റ് വിജയകരമായി കൈകാര്യം ചെയ്യുന്നതിൽ ഫുജൈറ ടെർമിനൽസ് ടീം നടത്തുന്ന ശ്രമങ്ങൾ ഫുജൈറ എഫ്-3 പവർ പ്ലാന്റ് പദ്ധതി യാഥാർഥ്യമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ഫുജൈറ ടെർമിനൽസ് സി.ഇ.ഒ അബ്ദുൽ അസീസ് അൽ ബലൂഷി പറഞ്ഞു.
ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങ് സി ആൻഡ് ടി കോർപറേഷന്റെ നിർമാണത്തിലിരിക്കുന്ന 2,400 മെഗാവാട്ട് ഫുജൈറ എഫ് -3 പവർ പ്ലാന്റ് പ്രോജക്ട് അബൂദബി നാഷനൽ എനർജി കമ്പനി, മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി, ഹോകുരിക് ഇലക്ട്രിക് പവർ കമ്പനി എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ്.
അബൂദബി പോർട്ട് ഗ്രൂപ്പും ഫുജൈറ തുറമുഖവും തമ്മിൽ 35 വർഷത്തേക്ക് ഒപ്പുവെച്ച കരാറിനെത്തുടർന്ന് 2017ൽ സ്ഥാപിതമായ ഫുജൈറ ടെർമിനലുകൾ യു.എ.ഇയുടെ കിഴക്കൻ കടൽതീരത്ത് സ്ഥിതിചെയ്യുന്ന ഒരേയൊരു മൾട്ടിപർപ്പസ് ടെർമിനലാണ്.

