പരിസ്ഥിതിക്ക് പരിക്കില്ല; ഇത് പുതുപുത്തൻ മാതൃക
text_fieldsനിർമാണം പുരോഗമിക്കുന്ന പരിസ്ഥിതിസൗഹൃദ കെട്ടിടം
അബൂദബി: യു.എ.ഇയുടെ പരിസ്ഥിതിസൗഹൃദ നയത്തിന് കരുത്തുപകർന്ന് അബൂദബിയിൽ മൂന്ന് ബഹുനില കെട്ടിടങ്ങൾ ഉയരുന്നു. ഊർജ ഉപഭോഗവും കാർബൺ പുറന്തള്ളലും കുറച്ചുകൊണ്ട് ഭാവിയിലേക്ക് മികച്ച മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കെട്ടിടനിർമാണത്തിനുള്ളത്. അബൂദബിയിലെ സുസ്ഥിര നഗരപദ്ധതിയായ മസ്ദർ സിറ്റിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈവർഷം ആദ്യം കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകും. ഏറ്റവും നൂതനമായ സംവിധാനങ്ങളും സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ചൂട് പ്രകൃതിദത്തമായി തന്നെ കുറച്ചുകൊണ്ടുവരുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
എൻ.ഇസെഡ്-1 എന്ന പേരിലാണ് ആദ്യ കെട്ടിടം അറിയപ്പെടുക. ഇത് പൂർണമായും ഓഫിസ് ആവശ്യങ്ങൾക്കുള്ളതായിരിക്കും. എച്ച്.ക്യൂ ബിൽഡിങ്ങാണ് രണ്ടാമത്തേത്. ഇത് 2024ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കമേഴ്സ്യൽ കെട്ടിടമായ എച്ച്.ക്യൂവിൽ ഊർജലഭ്യതക്കായി 1033 സോളാർ പാനലുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമായതിനേക്കാൾ ഒമ്പതു ശതമാനം ഊർജം ഇതുവഴി ഉൽപാദിപ്പിക്കാനാവും. ബാക്കിവരുന്നത് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഗ്രഡിലേക്ക് മാറ്റും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാൽ 102 ശതമാനം ഊർജ ഉപയോഗം കുറച്ചാണ് കെട്ടിടത്തിന് ആവശ്യമായി വരുക. 2025ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മറ്റൊരു കെട്ടിടമായ ലിങ്ക്സ് കോ-ലാബ് എന്ന കെട്ടിടം താമസത്തിനും ജോലിക്കും സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവഴി ഉൽപാദിപ്പിക്കുന്ന ഊർജവും ഉപയോഗശേഷം ബാക്കിയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെട്ടിടത്തിൽ നിന്നുതന്നെ കണ്ടെത്തുന്ന ഊർജം ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക. ഡീസൽ ഇന്ധന ഉപയോഗം പൂർണമായും ഇല്ലാത്ത മാതൃകയാണ് ഇതുവഴി മുന്നോട്ടുവെക്കുന്നത്. 2021ൽ പ്രഖ്യാപിച്ച് യു.എ.ഇയുടെ നെറ്റ് സീറോ-2050 പദ്ധതിയുമായി ചേർന്നാണ് കെട്ടിടത്തിന്റെ ആശയം വികസിപ്പിച്ചത്.
ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28)ക്ക് യു.എ.ഇ ആതിഥ്യമരുളുന്ന സാഹചര്യത്തിൽ കൂടിയാണ് പരിസ്ഥിതി സൗഹൃദപരമായ കെട്ടിടം നിർമിച്ച് മാതൃക കാണിക്കുന്നത് എന്ന സവിശേഷതകൂടിയുണ്ട്. മസ്ദാർ സിറ്റിയിൽ സമാനമായ പദ്ധതികൾ ഭാവിയിൽ കൂടുതലായി ആലോചിക്കുന്നുണ്ടെന്ന് പദ്ധതിയുടെ എക്സി. ഡയറക്ടർ മുഹമ്മദ് അൽ ബറായികി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

