മൂന്നുദിന അവധി ഷാർജയിൽ അപകടങ്ങൾ കുറച്ചു
text_fieldsഷാർജ: എമിറേറ്റിലെ വാരാന്ത്യ അവധിദിനങ്ങൾ മൂന്ന് ദിവസമാക്കിയത് വാഹനാപകടങ്ങളും അപകട മരണങ്ങളും കുറച്ചതായി കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 2022ലെ ആദ്യ മൂന്നുമാസങ്ങളിൽ ഷാർജയിൽ വാഹനാപകടങ്ങൾ 40 ശതമാനം കുറഞ്ഞതായാണ് ചൊവ്വാഴ്ച ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പഠനത്തിൽ വ്യക്തമാക്കിയത്.
യു.എ.ഇയിൽ പ്രവൃത്തിദിനങ്ങൾ 4.5 ദിവസമാക്കുകയും രണ്ടര ദിവസം അവധി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഷാർജ മൂന്നുദിവസം അവധി തീരുമാനിച്ചത്. ഇതനുസരിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധിയായത്. ജനുവരി ഒന്നുമുതലാണ് പുതിയ മാറ്റം നിലവിൽവന്നത്. ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്റെ തീരുമാനപ്രകാരം പ്രവൃത്തിസമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കിയാണ് അവധിദിനത്തിലെ സമയനഷ്ടം നികത്തിയത്. ഇതിനുശേഷമുള്ള അപകടങ്ങളുടെ കണക്കാണ് എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.
പ്രവൃത്തിദിനങ്ങൾ കുറഞ്ഞത് ജീവനക്കാർക്കിടയിൽ ഉൽപാദനക്ഷമത ഉയർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വാഹനങ്ങളുടെ തിരക്ക് മൂന്നുദിവസവും കുറഞ്ഞതോടെ പരിസ്ഥിതി മലിനീകരണത്തോതിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങൾ പുറന്തളുന്നതിൽ ഗണ്യമായ കുറവുണ്ടായെന്ന് പഠനം പറയുന്നു. സർക്കാർ ഏജൻസികളുടെ സാമ്പത്തികപ്രകടനം മെച്ചപ്പെടുത്തുന്നതിന് പുതിയ ജോലിസമയം കാരണമായെന്ന് ചെലവ്, വരുമാനം, മറ്റ് ഘടകങ്ങൾ എന്നിവ വിലയിരുത്തിയതിനുശേഷം വ്യക്തമാക്കിയിട്ടുമുണ്ട്.
ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ പഠനത്തിന്റെ തുടർനടപടികൾക്കായി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

