ഷാർജയിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ മരിച്ചു
text_fieldsഷാർജ: എമിറേറ്റിൽ തിങ്കളാഴ്ച ഇഫ്താർ സമയത്തുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് സ്വദേശി കൗമാരക്കാർ മരിച്ചു. 13 മുതൽ 15 വരെ പ്രായക്കാരായ കുട്ടികളാണ് മരിച്ചത്. വാഹനമോടിച്ചിരുന്നത് 13 വയസ്സുകാരനായിരുന്നു. കൽബ റോഡിലാണ് അപകടമുണ്ടായത്.
ഇഫ്താറിനായി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനം വേഗത്തിലായിരിക്കെ മറിഞ്ഞ് തീപിടിക്കുകയായിരുന്നെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കുട്ടികൾ എല്ലാവരും കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വൈകുന്നേരം 6.45ഓടെയാണ് ഷാർജ പൊലീസ് ഓപറേഷൻസ് റൂമിൽ അപകടം സംബന്ധിച്ച അടിയന്തര കോൾ ലഭിക്കുന്നത്. അതിവേഗം അധികൃതർ സ്ഥലത്തെത്തിയെങ്കിലും രണ്ടുകുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നാമെത്ത കുട്ടി മണിക്കൂറുകൾക്കുശേഷം ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങൾ പിന്നീട് കുടുംബങ്ങൾക്ക് കൈമാറി. കൽബയിൽ ഖബറടക്കം നടന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

