സംഗീതമഴ പെയ്യുന്ന മൂന്ന് സുന്ദരരാത്രികൾ
text_fieldsഷാർജ: പാട്ടിനെ ഇടനെഞ്ചോട് ചേർത്തുവെച്ച പ്രവാസലോകത്ത് സംഗീതമഴ പെയ്തിറങ്ങുന്ന മൂന്ന് സുന്ദര സുരഭില രാവുകൾ. പ്രണയവും വിരഹവും ഇശലും ഗസലും ഭക്തിയും ഓളവും താളവുമെല്ലാം ഇടകലരുന്ന മനോഹര രാവുകളാണ് ‘ഗൾഫ് മാധ്യമം കമോൺ കേരള’യിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
പകൽ മുഴുവൻ മേളനഗരയിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് ശേഷമാണ് പാട്ടിന്റെ പൂനിലാമഴ പെയ്യുന്ന സ്റ്റാർ ബീറ്റ്സും മ്യൂസിക് ഓഫ് മൈൻഡ്ഫുൾനസും ഹാർമോണിയസ് കേരളയും മൂന്ന് രാത്രികളിലായി അരങ്ങ് തകർക്കുന്നത്. മെലഡിയുടെ കുളിർക്കാറ്റും ഇശലിന്റെ കരിവള കിലുക്കുവും ന്യൂജൻ പാട്ടുകളുടെ തട്ടുപൊളിപ്പൻ ആഘോഷവും കാണണമെങ്കിൽ, കേൾക്കണമെങ്കിൽ, ആസ്വദിക്കണമെങ്കിൽ ഈ മാസം 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിന്റെ മഹാനഗരിയിലേക്ക് എത്തിയാൽ മതി.
ആദ്യദിനമായ വെള്ളിയാഴ്ച നടക്കുന്ന സ്റ്റാർ ബീറ്റ്സിൽ യുവതാരങ്ങളായിരിക്കും അരങ്ങുതകർക്കുക. സമൂഹമാധ്യമങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സംഗീതപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച യുവനിര അണിനിരക്കുന്ന സായംസന്ധ്യയിൽ വൈറൽ സൂപ്പർ സ്റ്റാറുകൾ പാട്ടുമേളങ്ങൾ തീർക്കും.
മലയാളികളുടെ പ്രിയപ്പെട്ട ജാസിം, ആയിഷ അബ്ദുൽബാസിത്, മേഘ്ന, കൗഷിക്, ക്രിസ്റ്റകല, നിഖിൽ പ്രഭ തുടങ്ങിയവർ കളംപിടിക്കും. കാണികളെ ചിരിപ്പിക്കാൻ മഹാദേവനുമുണ്ടാകും. യു.എ.ഇയിലെ പ്രമുഖ റേഡിയോയായ ഹിറ്റ് എഫ്.എം ആർ.ജെ അർഫാസായിരിക്കും അവതാരകൻ.
സ്ത്രീ ശാക്തീകരണത്തിന്റെ മഹിത സന്ദേശം പകരുന്ന രണ്ടാം ദിനത്തിൽ വനിത പാട്ടുകാരായിരിക്കും മുന്നിൽനിന്ന് നയിക്കുക. നടി ഭാവനയുടെ സാന്നിധ്യത്താൽ സമൃദ്ധമാകുന്ന വേദിയിൽ ഗായകരായ ശ്വേത അശോക്, ആവണി, ലക്ഷ്മി ജനൻ, രചന ചോപ്ര എന്നിവർക്കൊപ്പം ജാസിമുമുണ്ടാകും. അശ്വതിയാണ് അവതാരക.
‘ഒരു രാജമല്ലി പൂത്തുലുയന്ന’ മൂന്നാം രാവിൽ കുഞ്ചാക്കോ ബോബനായിരിക്കും താരം. അഭിനയത്തികവിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട കുഞ്ചാക്കോ ബോബനുമായി ഓർമകൾ പങ്കിടാൻ സാക്ഷാൽ ഔസേപ്പച്ചൻതന്നെ വേദിയിലെത്തും. ചാക്കോച്ചന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവിന്റെ സംഗീതം നിർവഹിച്ച ഔസേപ്പച്ചന്റെ സാന്നിധ്യം മലയാളികളെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. യു.എ.ഇയിലെ പ്രമുഖ അവതാരകനും നടനുമായ മിഥുൻ രമേശ് അവതാരകനായെത്തുന്ന വേദിയിൽ ബിജു നാരായണൻ, മഹേഷ് കുഞ്ഞുമോൻ, ശ്വേത അശോക്, ക്രിസ്റ്റകല, ലിബിൻ സ്കറിയ എന്നിവർ എത്തും. നടനും നർത്തകനുമായ റംസാന്റെ കിടിലൻ ഡാൻസും അരങ്ങുതകർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

