45 കിലോ ലഹരി മരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
അബൂദബി: 45.267 കിലോ ലഹരി മരുന്നുമായി മൂന്ന് ഏഷ്യക്കാരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നീ മയക്കുമരുന്നുകളാണ് ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തത്. പിടിയിലായവർ ലഹരിവസ്തുക്കൾ രാജ്യത്തിനു വെളിയിൽനിന്ന് കടത്തുകയും അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ വിറ്റഴിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അബൂദബി പൊലീസ് പറഞ്ഞു.
ലഹരിമരുന്നു പ്രചരിപ്പിക്കുന്ന ക്രിമിനൽ ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വെളിപ്പെടുത്തി. നൂതന ഉപകരണങ്ങളും പരിശീലന രീതികളും ഉപയോഗിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് രീതികൾ കണ്ടെത്താനും പിടികൂടാനും അബൂദബി പൊലീസി െൻറ മയക്കുമരുന്ന് വിരുദ്ധ വിഭാഗം എപ്പോഴും സജ്ജമാണെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി അറിയിച്ചു.
അനധികൃത ലഹരി വിൽപനയിലൂടെ രാജ്യത്തെ യുവാക്കളെ ലക്ഷ്യമിടുന്ന ക്രിമിനൽ സംഘങ്ങളുടെ പിടിയിൽനിന്ന് പൊതുജനങ്ങൾ സദാ ജാഗരൂകരാകണമെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ താഹിർ ഗാരിബ് അൽ ദാഹിരിയും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ നിരീക്ഷണവും തുടർനടപടികളും ഉൗർജിതമാക്കാൻ കഴിഞ്ഞതായും ലഹരി വസ്തുക്കൾക്കെതിരെ അബൂദബി പൊലീസിെൻറ റെയ്ഡും ശ്രദ്ധേയ വിജയങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിയമവിരുദ്ധ നടപടികൾ കർശനമായി നേരിടുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന് വെളിയിൽ നിന്നുള്ള ക്രിമിനൽ സംഘങ്ങൾ മയക്കുമരുന്ന് ഇവിടേക്ക് എത്തിക്കുകയും യുവാക്കളെ ലഹരി വസ്തുക്കൾക്ക് അടിമകളാക്കുകയും ചെയ്യുന്നു. ഇത്തരം ശ്രമം നടത്തുന്നതിൽ പിടിയിലായ പ്രതികൾ വലിയ സ്വാധീനം ചെലുത്തിയതായും അബൂദബി പൊലീസ് കണ്ടെത്തി. മയക്കുമരുന്നിൽനിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

