ഡിജിറ്റൽവത്കരണം വേഗത്തിലാക്കാൻ മൂന്ന് എ.ഐ പദ്ധതികൾ
text_fieldsശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ഫ്യൂച്ചർ ടെക്നോളജി ഡെവലപ്മെന്റ് ആൻഡ് ദ ഡിജിറ്റൽ ഇക്കണോമിയുടെ ഉന്നതതല സമിതി യോഗം
ദുബൈ: എമിറേറ്റിലെ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായി നിർമിതബുദ്ധി (എ.ഐ) സംരംഭങ്ങളുടെ പുതിയ പാക്കേജിന് അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഫ്യൂച്ചർ ടെക്നോളജി ഡെവലപ്മെന്റ് ആൻഡ് ദ ഡിജിറ്റൽ ഇക്കണോമിയുടെ ഉന്നത തല സമിതിയുടെ രണ്ടാമത് യോഗത്തിലാണ് മൂന്ന് എ.ഐ സംരംഭങ്ങൾക്ക് അംഗീകാരം ലഭിച്ചത്. എ.ഐ ഇൻഫ്രാസ്ട്രക്ചർ എംപവർമെന്റ് പ്ലാറ്റ്ഫോം, ദുബൈ എ.ഐ ആക്സിലറേഷൻ ടാസ്ക്ഫോഴ്സ്, യൂനികോൺ 30 പ്രോഗ്രാം എന്നിവയാണ് പുതിയ സംരംഭങ്ങൾ.
സർക്കാർ സ്ഥാപനങ്ങൾക്ക് എ.ഐ സാങ്കേതിക വിദ്യകൾ കൂടുതൽ കാര്യക്ഷമമായി വികസിപ്പിക്കാനും ഉപയോഗിക്കാനും പിന്തുണയേകുകയാണ് എ.ഐ ഇൻഫ്രാസ്ട്രക്ചർ എംപവർമെന്റ് പ്ലാറ്റ്ഫോമിന്റെ ചുമതല. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം എ.ഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനായുള്ള നയങ്ങളോട് ചേർന്നുനിൽക്കാൻ ദുബൈ എ.ഐ ആക്സിലറേഷൻ ടാസ്ക്ഫോഴ്സ് സഹായിക്കും.
27 സർക്കാർ സ്ഥാപനങ്ങളിലെ ചീഫ് എ.ഐ ഓഫിസർമാർ ഉൾക്കൊള്ളുന്ന ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസി (ഡി.സി.എ.ഐ)ന്റെ നിർദേശങ്ങളായിരിക്കും ദുബൈ എ.ഐ ആക്സിലറേഷൻ ടാസ്ക്ഫോഴ്സ് പിന്തുടരുക. തീരുമാനങ്ങൾ വേഗത്തിലാക്കുക, സ്ഥാപനപരമായ സംയോജനം മെച്ചപ്പെടുത്തുക, എല്ലാ മേഖലകളിലും എ.ഐ പദ്ധതികളുടെ സ്വാധീനം ഉറപ്പുവരുത്തുക എന്നിവയിൽ പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി വികസിപ്പിച്ചതാണ് യൂനികോൺ 30 പ്രോഗ്രാം.
സാങ്കേതികവിദ്യ രംഗത്ത് ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ മുൻ സംരംഭങ്ങളുടെ പുരോഗതി വിലയിരുത്തിയ ശൈഖ് ഹംദാൻ സർക്കാർ, ബിസിനസ് മേഖലകളിൽ എ.ഐ സംയോജനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുടെ രൂപരേഖ അംഗീകരിക്കുകയും ചെയ്തു. ഭാവി സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും സ്വീകരിക്കാൻ ലോകത്തിലെ ഏറ്റവും വേഗമേറിയതും സ്മാർട്ടുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായുള്ള ദുബൈയുടെ ശ്രമം തുടരുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

