ജൂത പുരോഹിതന്റെ കൊല: മൂന്ന് പ്രതികൾക്ക് വധശിക്ഷ
text_fieldsഅബൂദബി: അബൂദബിയിൽ ജൂത പുരോഹിതനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചു.
നാലാം പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. കഴിഞ്ഞ നവംബറിൽ മോൾദോവൻ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സാവി കോഗൻ കൊല്ലപ്പെട്ട കേസിലാണ് അബൂദബി ഫെഡറൽ കോടതിയുടെ രാജ്യസുരക്ഷാ വിഭാഗം ശിക്ഷ വിധിച്ചത്.
പ്രധാന പ്രതികളിൽ മൂന്നുപേരും ഉസ്ബെകിസ്താൻ പൗരന്മാരാണ്. കൊലപാതകത്തിന് ശേഷം രാജ്യംവിട്ട ഇവരെ തുർക്കിയിൽനിന്നാണ് പിടികൂടി യു.എ.ഇയിലെത്തിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു സാവി കോഗന്റേത്. കൊലപാതകത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിനാണ് നാലാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകം ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരെ പ്രതികൾക്ക് ഫെഡറൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ടാകും.
2025 ജനുവരിയിൽ അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ശംസി നാല് പ്രതികളുടെയും വിചാരണ വേഗത്തിലാക്കാൻ ഉത്തരവിട്ടിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ, കുറ്റകൃത്യത്തിനായി ഉപയോഗിച്ച ആയുധങ്ങളുടെ വിവരങ്ങൾ, ദൃക്സാക്ഷി മൊഴികൾ എന്നിവയോടൊപ്പം പ്രതികളുടെ കുറ്റസമ്മത മൊഴികളും പരിശോധിച്ചശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
ജീവപര്യന്തം തടവ് ലഭിച്ച പ്രതിയെ ശിക്ഷ കാലാവധിക്കുശേഷം നാടുകടത്തും. ഭീകര പ്രവർത്തനങ്ങൾക്കെതിരെ യു.എ.ഇയുടെ ശക്തമായ നിലപാടുകളാണ് വിധി പ്രതിഫലിപ്പിക്കുന്നതെന്ന് അറ്റോണി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

