‘വർക്ക്ഫോഴ്സ് റണി’ൽ പങ്കെടുത്ത് ആയിരങ്ങൾ
text_fieldsദുബൈയിൽ നടന്ന ‘വർക്ക്ഫോഴ്സ് റൺ’ ഏഴാം പതിപ്പ്
ദുബൈ: തൊഴിലാളികളുടെ ആരോഗ്യം, ശാരീരികക്ഷമത, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച ‘വർക്ക്ഫോഴ്സ് റൺ’ ഏഴാം പതിപ്പ് ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ 7.30ന് ഖുർആനിക് പാർക്കിൽ നടന്ന പരിപാടിയിൽ ദുബൈയിലെ വിവിധ മേഖലകളിലെ കമ്പനികളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു.
സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി വളർത്തുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ദുബൈയുടെ വികസനയാത്രയിലെ നിർണായക പങ്കാളികളായ തൊഴിലാളികളെ ആദരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള കമ്യൂണിറ്റി സ്പോർട്സ് സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ വ്യക്തമാക്കി. പരിപാടിയിൽ ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ ജനറൽ കേണൽ ഉമർ മതാർ അൽ മസീന, ഡെപ്യൂട്ടി അസി. ഡയറക്ടർ ജനറൽ കേണൽ അഹ്മദ് അൽ ഹാശ്മി എന്നിവർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനും മനുഷ്യകേന്ദ്രിത സമീപനം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ കമ്യൂണിറ്റി പദ്ധതികൾക്ക് പിന്തുണ നൽകുന്ന ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രതിബദ്ധതയാണ് പരിപാടിയിലൂടെ വ്യക്തമാകുന്നതെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. തൊഴിലിടങ്ങളിൽ പരസ്പര ബഹുമാനവും അംഗീകാരവും വളർത്തുന്നതിനൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള സജീവ ഇടപെടലുകൾ ശക്തിപ്പെടുത്തുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

