നാട്ടിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി
text_fieldsദുബൈ: വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവരും ദീർഘനാൾ മാറിനിൽക്കുന്നവരും തങ്ങളുടെ വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ അശ്രദ്ധമായി ഉപേക്ഷിച്ചു പോകരുതെന്ന് ദുബൈ മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ദീർഘനാൾ നോട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങൾ നഗരത്തിന്റെ ഭംഗി കെടുത്തും. ഇത്തരം നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
അവധിക്കാല യാത്രകളിൽ വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അഞ്ച് നിർദേശങ്ങൾ പാലിക്കണമെന്ന് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടു. വിജനമായ സ്ഥലങ്ങളിലോ മണൽ നിറഞ്ഞ ഇടങ്ങളിലോ വാഹനം പാർക്ക് ചെയ്യരുത്, സുരക്ഷിതവും അനുവദിക്കപ്പെട്ടിട്ടുള്ളതുമായ പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കുക, പ്രൊട്ടക്റ്റീവ് കവറുകൾ ഉപയോഗിച്ച് വാഹനം മൂടിയിടുക, കൃത്യമായ ഇടവേളകളിൽ വാഹനം വൃത്തിയാക്കാൻ സുഹൃത്തുക്കളെയോ മറ്റോ ചുമതലപ്പെടുത്തുക, വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യുക എന്നിവയാണ് നിർദേശങ്ങൾ.
റോഡുകൾ, പൊതു പാർക്കിങ് സ്ഥലങ്ങൾ, തുറസ്സായ മണൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ കണ്ടെത്താൻ മുൻസിപ്പാലിറ്റിയുടെ പ്രത്യേക സംഘം നഗരത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാലുടൻ അവയിൽ മൂന്നുമുതൽ 15 ദിവസം വരെ കാലാവധിയുള്ള മുന്നറിയിപ്പ് നോട്ടീസ് പതിക്കും. ആർ.ടി.എ രേഖകൾ വഴി ഉടമസ്ഥരുടെ മൊബൈലിലേക്ക് എസ്.എം.എസ് സന്ദേശവും അയക്കും. സമയപരിധിക്കുള്ളിൽ വാഹനം മാറ്റിയില്ലെങ്കിൽ അത് അൽ അവിറിലെ മുൻസിപ്പാലിറ്റി യാർഡിലേക്ക് മാറ്റും.
ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ ഉടമകൾ 500 ദിർഹം പിഴക്കു പുറമെ, വാഹനം കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനുള്ള തുകയും യാർഡിൽ സൂക്ഷിക്കുന്ന ദിവസങ്ങൾക്കനുസരിച്ചുള്ള തുകയും അധികമായി നൽകേണ്ടി വരും.
സ്വിമ്മിങ് പൂളുകൾ: സുരക്ഷാ നിർദേശങ്ങൾ
സ്കൂൾ അവധിക്കാലത്ത് വീടുകളിലെ സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്ന കുടുംബങ്ങൾക്കായി ദുബൈ മുൻസിപ്പാലിറ്റി പ്രത്യേക സുരക്ഷാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ പൂളിലിറങ്ങുമ്പോൾ മുതിർന്നവർ എപ്പോഴും ഒപ്പമുണ്ടാകണം. ഈ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് ശ്രദ്ധ തിരിക്കരുത്. ഉപയോഗമില്ലാത്ത സമയങ്ങളിൽ പൂൾ പ്രദേശം സുരക്ഷിതമായി അടച്ചിടുക, പൂളിന് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കുക, പൂളിന് സമീപം ഓടുക, ഡൈവ് ചെയ്യുക തുടങ്ങിയ അപകടകരമായ കളികൾ അനുവദിക്കരുത്, പൂളിലെ വെള്ളത്തിന്റെ ശുദ്ധിയും രാസവസ്തുക്കളുടെ അളവും കൃത്യമായി പരിശോധിക്കുക, പൂളിന്റെ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തുക, അടിയന്തിര സാഹചര്യങ്ങളിൽ പൂൾ പെട്ടെന്ന് ഓഫ് ചെയ്യാനുള്ള എമർജൻസി സ്വിച്ച് സജ്ജമാക്കുക തുടങ്ങിയവയാണ് മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

