ഈദൊരുക്കം
text_fieldsബലി പെരുന്നാളിന് രണ്ടു ദിനം മാത്രം ബാക്കിയിരിക്കേ ആഘോഷങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ് യു.എ.ഇ. ബക്രീദിന്‍റെ ആഹ്ലാദാരവങ്ങൾക്ക് എല്ലാവിധ സജ്ജീകരണവുമൊരുക്കുമ്പോഴും ആമോദങ്ങൾ അതിരുവിടരുതെന്ന് ഉണർത്തുന്നുമുണ്ട് അധികൃതർ.
ദുബൈ: ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് പടക്കങ്ങൾ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി, നിയമം അനുസരിക്കാനും പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നോ വിൽപനക്കാരുമായി സഹകരിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ‘ഈദിന്‍റെ സന്തോഷം ഇല്ലാതാക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് ദുബൈ പൊലീസ് ഈ മുന്നറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘പടക്കങ്ങൾ ഒറ്റനോട്ടത്തിൽ നിരുപദ്രവകാരികളായി തോന്നാം. എന്നാൽ, വ്യക്തികൾക്കും സ്വത്തുക്കൾക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയാകുന്ന യഥാർഥ അപകടങ്ങളായി അവ വേഗത്തിൽ മാറാം. ശരീരഭാഗങ്ങൾ നഷ്ടപ്പെടുക, മുറിച്ചുമാറ്റേണ്ടി വരിക, പൊള്ളലേൽക്കുക എന്നിവയുൾപ്പെടെയുള്ള സ്ഥിരമായ വൈകല്യങ്ങൾക്ക് പടക്കങ്ങൾ കാരണമായേക്കാം എന്നതാണ് ഇതിന്റെ അപകടസാധ്യത’ -ദുബൈ പൊലീസ് വിശദീകരിച്ചു.
ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, അപകടകരമായ വസ്തുക്കൾ എന്നിവ സംബന്ധിച്ച 2019-ലെ 17-ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരം പടക്കങ്ങളുടെ വിപണനത്തിന് കർശനമായ ശിക്ഷയാണ് ചുമത്തുന്നതെന്നും പൊലീസ് ഓർമിപ്പിച്ചു. ‘ഉചിതമായ ലൈസൻസ് ഇല്ലാതെ പടക്കങ്ങൾ വിൽക്കുകയോ, ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ, നിർമിക്കുകയോ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പടക്കം കൊണ്ടുപോകുകയോ ചെയ്യുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് ഡിക്രിയിലെ ആർട്ടിക്കിൾ 54 വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അബൂദബിയിൽ കർശന സുരക്ഷ-ഗതാഗത ക്രമീകരണങ്ങൾ;
അവധി ദിനങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്ന് അബൂദബി പൊലീസ്
അബൂദബി: ബലിപെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് എമിറേറ്റില്‍ വിപുലമായ സുരക്ഷ - ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അബൂദബി പൊലീസ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ ഉടനടി സഹായം ലഭ്യമാക്കാനുമുള്ള സമഗ്രമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പെരുന്നാള്‍ അവധിക്കാലത്ത് ജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രധാന റോഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഈദ്ഗാഹുകള്‍, പ്രാഥനാ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ-ഗതാഗത പെട്രോളിങ് ശക്തമാക്കും. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്റ മേഖലകളില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ പ്രത്യേക പ്രവര്‍ത്തന പദ്ധതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. അടിയന്തര കോളുകള്‍ സ്വീകരിക്കുന്നതിനും ഉടനടി നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂം 24 മണിക്കൂറും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കും.
വിവിധ സുരക്ഷാ വിഭാഗങ്ങളുമായും അനുബന്ധ പങ്കാളികളുമായും ചേര്‍ന്നാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക. അമിതവേഗത, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, നിയമവിരുദ്ധമായ മത്സരയോട്ടം, വാഹനം പെട്ടെന്ന് വെട്ടിച്ചുള്ള പ്രകടനങ്ങള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ പടക്കങ്ങളുടെ ഉപയോഗവും വിപണനവും പൂര്‍ണമായും ഒഴിവാക്കണമെന്നും രക്ഷിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.
ബീച്ചുകളിൽ സുരക്ഷ ഉറപ്പ്
അബൂദബി: ബലി പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികളുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. ബീച്ചുകളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്താണ് നടപടി. ബീച്ചുകളിലെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏതുസമയത്തും ലഭ്യമാവുന്ന വിധത്തില്‍ അടിയന്തര കര്‍മസേനയെയും വിന്യസിച്ചു.
ബീച്ചുകളിലെത്തുന്നവര്‍ക്കായി വിനോദ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ജലകേളികള്‍, കുട്ടികള്‍ക്കുള്ള കളിയിടങ്ങള്‍, ബീച്ച് ലൈബ്രറികള്‍, തണലിനായി കുടകളും കസേരകളും വാടകയ്ക്കു നല്‍കുന്ന സൗകര്യം, കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള കേന്ദ്രീകൃത അനൗണ്‍സ്‌മെന്‍റ് സംവിധാനം എന്നിവ സജ്ജമാണ്.
സുരക്ഷിത ആഘോഷത്തിന് റാസൽഖൈമ
സെൻട്രൽ ഓപറേഷൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സഈദ് അൽ മൻസൂരിയുടെ അധ്യക്ഷതയിൽ ചേർന്ന
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം
റാസൽഖൈമ: ബലി പെരുന്നാളിലെ വരവേൽക്കാൻ സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി റാക് പൊലീസ്. എല്ലാ സുരക്ഷാ സാഹചര്യങ്ങൾക്കുമുള്ള കർമ പദ്ധതികൾ റാക് പൊലീസ് ആസ്ഥാനത്ത് നടന്ന യോഗം ചർച്ച ചെയ്തതായി സെൻട്രൽ ഓപ്പറേഷൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സഈദ് അൽ മൻസൂരി പറഞ്ഞൂ. എല്ലാവർക്കും ഈദ് നന്മയും അനുഗ്രഹവും യോഗം ആശംസിച്ചു. പെരുന്നാൾ അവധിക്കാലത്ത് സമൂഹത്തിലെ സുരക്ഷാ ജീവിത നിലവാരം ഉയർത്തുന്നതിനായി റാസൽഖൈമ പൊലീസ് മുഴുവൻ സന്നാഹങ്ങളും വിനിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈദ് നമസ്കാര സ്ഥലങ്ങൾ, ബലിമൃഗങ്ങളെ അറുക്കുന്ന സ്ഥലങ്ങൾ, വിപണികൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ, ബീച്ചുകൾ തുടങ്ങി തിരക്ക് കൂടുതലുള്ള എല്ലാ പ്രദേശങ്ങളിലും സുരക്ഷാ-ട്രാഫിക് സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പൊലീസ് ടീമുകളുടെ സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനും വേഗത്തിലുള്ള സുരക്ഷാ പ്രതികരണം ഉറപ്പാക്കുന്നതിനും ഈ ടീം സഹായിക്കും. പടക്കങ്ങൾ കൈമാറുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. സുരക്ഷിതമായ ഡ്രൈവിങ് പിന്തുടരണം. താമസസ്ഥലങ്ങൾക്ക് സമീപം പ്രകടനം നടത്തുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യരുത്. കുട്ടികൾ കളിക്കുമ്പോഴോ പൊതുസ്ഥലങ്ങളിലോ ബീച്ചുകളിലോ റോഡ് മുറിച്ചുകടക്കുമ്പോഴോ മാതാപിതാക്കൾ നിരീക്ഷിക്കണം.
സമാധാനവും സുരക്ഷയും തകർക്കുന്ന അസാധരണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റാസൽഖൈമ പൊലീസുമായി ബന്ധപ്പെടണമെന്ന് ബ്രിഗേഡിയർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999ലും അടിയന്തരമല്ലാത്ത സാഹചര്യങ്ങൾക്ക് 901ലും ബന്ധപ്പെടാം.
ദുബൈ കന്നുകാലി ചന്തയിലെത്തിച്ചത് 90,000 ബലിമൃഗങ്ങളെ
ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈ കന്നുകാലി ചന്തയിൽ സജ്ജീകരണങ്ങൾ പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. പെരുന്നാൾ കാലത്തെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് നിലവിൽ 89,651 കന്നുകാലികളെ എത്തിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ബലിമൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംയോജിത വെറ്ററിനറി പരിശോധനാ സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങളോടെ 537,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ദുബൈ കന്നുകാലിച്ചന്ത വികസിപ്പിച്ചിരിക്കുന്നത്. വർഷത്തിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന ഈ സമയത്ത് വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും നീക്കം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മൃഗങ്ങളെ പാർപ്പിക്കുന്നതിനായി പൂർണ സജ്ജീകരണങ്ങളോടു കൂടിയ 157 തൊഴുത്തുകളാണുള്ളത്. കന്നുകാലി തീറ്റകളുടെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും സംഭരണത്തിനും വിൽപനയ്ക്കുമായി 77 പ്രത്യേക വെയർഹൗസുകളും ചന്തയിലുണ്ട്.ഉപഭോക്താക്കളുടെ വിഭിന്ന താല്പര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന രീതിയിൽ വൈവിധ്യമാർന്ന ഇനങ്ങളിൽപ്പെട്ട കന്നുകാലികളെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിൽപനക്കും അറവിനും മുമ്പായി മൃഗങ്ങൾക്ക് രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ വെറ്ററിനറി സേവനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.പെരുന്നാൾ അവധിക്കാലത്ത് ചന്തയുടെ പ്രവർത്തന സമയം നീട്ടിയതായും ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ദിവസവും അതിരാവിലെ അഞ്ചുമണി മുതൽ അർധരാത്രി വരെ ചന്ത തുറന്നുപ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

