ദുബൈ: അതിരുകളില്ലാത്ത സ്നേഹത്തിെൻറ കഥ പറയുകയാണ് ദുബൈ കറാമയിലെ ഈ കൊച്ചുമുറിയും അതിനുള്ളിലെ രണ്ടു പ്രവാസി ജീവിതങ്ങളും. കാഴ്ച നഷ്ടപ്പെട്ട മലയാളിയായ തോമസിനെ പരിചരിക്കുന്നതും ഭക്ഷണം നൽകുന്നതുമെല്ലാം പാകിസ്താൻ സ്വദേശി. ക്രെയിൻ ഓപറേറ്ററായ 36കാരൻ മുഹമ്മദ് ആസാദാണ് 63കാരനായ കോട്ടയം പുതുപ്പറമ്പിൽ തോമസിെൻറ 'കണ്ണായി'കൂടെ നിൽക്കുന്നത്. പക്ഷാഘാതം വന്ന് ഒരുഭാഗം തളർന്ന തോമസിനെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സഹായിക്കുന്നത് ഈ പാകിസ്താനിയാണ്.
മൂന്നു പതിറ്റാണ്ട് സൗദിയിൽ ജോലി ചെയ്തശേഷം ഏഴുവർഷം മുമ്പാണ് തോമസ് ദുബൈയിലെത്തിയത്. മാസങ്ങൾ ജോലി ചെയ്തെങ്കിലും ശമ്പളം നൽകാതെ ഉടമ മുങ്ങി. ബർദുബൈയിൽ തുറന്ന ഇലക്ട്രോണിക്സ് കടയും ബാധ്യത വരുത്തിവെച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ സ്ഥാപനം വഴി തോമസിനുണ്ടായത്. കൂനിന്മേൽ കുരുവായി അസുഖങ്ങൾ ഒന്നിനു പിറകെ ഒന്നായി തോമസിനെ തേടിയെത്തി. രണ്ടുതവണ സ്ട്രോക്കുണ്ടായതോടെ ഒരുഭാഗം തളർന്ന തോമസിന് ഒരു സുപ്രഭാതത്തിൽ കാഴ്ചയും നഷ്ടപ്പെട്ടു. ഈ സമയത്താണ് സഹായവുമായി ആസാദ് എത്തിയത്. രാവിലെ തോമസിനുള്ള ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്ത ശേഷമാണ് സഹമുറിയനായ ആസാദ് ജോലിക്ക് പോകുന്നത്. ക്രെയിൻ ഓപറേറ്ററായ ആസാദിെൻറ ചെറിയ വരുമാനത്തിെൻറ പങ്കാണ് തോമസിെൻറ താമസത്തിനും ഭക്ഷണത്തിനുമായി നീക്കിവെക്കുന്നത്. വൈകീട്ട് ആസാദ് തിരിച്ചെത്തുന്നതുവരെ കട്ടിലിലാണ് തോമസിെൻറ ജീവിതം.
വിസ കാലാവധി കഴിഞ്ഞതിനാലും പിഴയുള്ളതിനാലും നാട്ടിൽ പോകാൻ കഴിയുന്നില്ല. ഇദ്ദേഹത്തെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകരായ റയീസ് പൊയിലുങ്കലും സമാൻ അബ്ദുൽ ഖാദറും പറഞ്ഞു. ജാതിയോ മതമോ ദേശമോ രാഷ്ട്രമോ തനിക്ക് മുന്നിൽ തടസ്സമല്ലെന്നും മനുഷ്യത്വത്തിെൻറ പേരിലാണ് തോമസിനെ സഹായിക്കുന്നതെന്നും ആസാദ് പറഞ്ഞു. അങ്കിൾ എന്നാണ് തോമസിനെ വിളിക്കുന്നതെങ്കിലും തനിക്ക് പിതൃതുല്യനാണ് അദ്ദേഹമെന്നും ആസാദ് പറയുന്നു.