ഷാര്‍ജ നഗരത്തിലുണ്ടൊരു ഈന്തപ്പനക്കാട്
text_fields500 ഈന്തപ്പനകള്‍ വരിയും നിരയും ഒപ്പിച്ച് നില്ക്കുന്ന സുന്ദരമായൊരു കാഴ്ച്ചയുണ്ട് ഷാര്‍ജ അല്‍ മജാസില്‍. അറബ് സംസ്കൃതിയില്‍ വളരുന്ന വിവിധയിനം ഈന്തമരങ്ങളുടെ സംഗമ കേന്ദ്രവും കൂടിയാണിത്. പുലരിയില്‍ പനകള്‍ വിരിച്ചിട്ട തണലില്‍ യോഗ ചെയ്യുന്നവരെയും പ്രാര്ഥിക്കുന്നവരെയും പ്രണയപൂർവം ചേർന്നിരിക്കുന്നവരെയും പ്രാരബ്ധങ്ങളുടെ കണക്ക് പുസ്തകം നോക്കിയിരുന്ന് നെഞ്ചുരുകുന്നവരെയും ഇവിടെ കാണാം. വിവിധ കാലാവസ്ഥകളില്‍ കാതങ്ങള്‍ താണ്ടി ദേശാടന പക്ഷികള്‍ ഈന്തപ്പന കാട്ടിലെത്തുന്നു. സൈബീരിയന്‍ കൊക്കുകളുടെ ഇഷ്ട ശിഖരങ്ങളാണിവ.
ശിശിര കാലത്ത് മഞ്ഞില്‍ മറഞ്ഞുനില്‍ക്കുന്ന ഈ മരുപ്പച്ചയെ സൂര്യന് വന്ന് തഴുകി ഉണര്‍ത്തുന്ന കാഴ്ച്ചയില്‍ നിന്ന് കണ്ണെടുക്കാനേ തോന്നുകയില്ല. ഷാര്‍ജ ദീപോത്സവത്തില്‍ പനകള്‍ വര്‍ണ ചേലകള്‍ ചുറ്റും. വെളിച്ചത്തിൻെറ ഈടനാഴികകളിലൂടെ സന്ദര്‍ശകര്‍ ഒഴുകും. നനഞ്ഞ പുല്മേട്ടിലിരുന്നാല് തളര്‍ന്ന മനസും പുല്ലാങ്കുഴലൂതും. അല്‍ ജുബൈല്‍ ബസ് ടെര്‍മിനലില്‍ നിന്ന് നടക്കാനുള്ള ദൂരമേ ഇവിടേക്കുള്ളു. തടാകത്തിലെ കാഴ്ച്ചകള്‍ കണ്ട് നടക്കുകയും ചെയ്യാം. അല്‍ വഹ്ദ റോഡില്‍ നിന്ന് അധിക ദൂരമില്ല. പ്രവേശനം തീര്‍ത്തും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

