പൂരം പൂത്തുലഞ്ഞു: തിരുവാതിര ചുവട് വെച്ചത് 1250 ഒാളം പ്രവാസി മങ്കമാർ
text_fieldsദുബൈ: സെറ്റുമുണ്ടുടുത്ത് മുല്ലപ്പൂ മാല ചാർത്തി 1250 ഒാളം പ്രവാസി മങ്കമാർ താളത്തിൽ ചുവടുവെച്ച് തിരുവാതിരയാടിയപ്പോൾ ഇത്തിസലാത്ത് അക്കാദമി പരിസരം കുറച്ചുസമയം കൊച്ചു കേരളമായി. പൂരം ദുബൈ 2017െൻറ ഭാഗമായാണ് കൊച്ചുകുട്ടികൾ മുതൽ മുത്തശിമാർവരെ നൃത്ത വിരുന്നൊരുക്കിയത്. തൃശൂർ പൂരത്തിെൻറ ചെറുപതിപ്പായാണ് പൂരം ദുബൈ സംഘടിപ്പിച്ചത്. മെഗാ തിരുവാതിര മേളക്കായി രണ്ട് മാസം മുമ്പ്തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒഴിവ് സമയം കിട്ടുേമ്പാഴൊക്കെ പാർക്കുകളിലും വീടുകളിലും തകൃതിയായ പരിശീലനം നടക്കുന്നുണ്ടായിരുന്നു. 15 മിനിറ്റ് 30 സെക്കൻറ് നീണ്ട അവതരണത്തിൽ യു.എ.ഇയിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 40 ഗ്രൂപ്പുകളാണ് പെങ്കടുത്തത്.
സിനിമാ താരം ആശാ ശരത്ത് ആയിരുന്നു കോറിയോഗ്രാഫർ. വിവിധ മതവിശ്വാസികൾ മാത്രമല്ല മലയാളികളല്ലാത്ത 50 ഒാളം സ്ത്രീകളും ആവേശത്തോടെ ചുവടുവെച്ചു. ക്രിസ്റ്റൽ ടോപ് ഇവൻറ് സംഘടിപ്പിച്ച പരിപാടിയിൽ, തിമിലയിൽ ചോറ്റാനിക്കര വിജയനും വൈക്കം ചന്ദ്രൻ മാരാരും പല്ലാവൂർ ശ്രീധരനും സംഘവും, മദ്ദളത്തിൽ കുനിശ്ശേരി ചന്ദ്രനും കോട്ടക്കൽ രവിയും കൈലിയാട് മണികണ്ഠനും സംഘവും , ഇടക്കയിൽ പല്ലാവൂർ ശ്രീകുമാറും സന്തോഷും, അകമ്പടിയായി ഇലത്താളത്തിൽ പാഞ്ഞാൾ വേലുകുട്ടിയും കൂട്ടരും , കൊമ്പിൽ വിളംബരമറിയിച്ചു തൃപ്പാളൂർ ശിവനും സംഘവും അണി നിരന്നു. കിഴക്കൂട് അനിയൻ മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളവും കുടമാറ്റവും നടത്തിയാണ് പൂരം പൂർത്തിയായത്. ആനയോളം വലിപ്പമുള്ള അഞ്ച് ആന പ്രതിമകൾ അണിനിരത്തിയാണ് കുടമാറ്റം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
