മുപ്പത്തിയഞ്ചു വർഷത്തെ പ്രവാസം: ഷംസുദ്ദീൻ എരമംഗലം നാടണഞ്ഞു
text_fieldsഷംസുദ്ദീൻ എരമംഗലത്തിന് ഉപഹാരം
നൽകുന്നു
ദുബൈ: 35 വർഷത്തെ പ്രവാസ ജീവിതത്തിന്റെ ഓർമകളുമായി പൊന്നാനി എരമംഗലം സ്വദേശി ഇട്ടിലയിൽ ഷംസുദ്ദീൻ നാട്ടിലേക്ക് മടങ്ങി. 1990ൽ സൗദി അറേബ്യയിൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം. 1993ൽ യു.എ.ഇയിൽ എത്തി. അന്ന് മുതൽ ദുബൈയിൽ ഗവൺമെന്റ് സ്ഥാപനമായ എമിറേറ്റ്സ് പോസ്റ്റിലായിരുന്നു ജോലി. തുടർച്ചയായി 32 വർഷം ഇവിടെ ആയിരുന്നു. അന്ന് ജനറൽ പോസ്റ്റൽ അതോറിറ്റി എന്ന പേരിലായിരുന്ന എമിറേറ്റ്സ് പോസ്റ്റ് അറിയപ്പെട്ടിരുന്നത്.
ഇപ്പോൾ 7 എക്സ് എന്ന പേരിലാണ് കമ്പനി നടക്കുന്നത്. ജോലിത്തിരക്കിനിടയിലും സാമൂഹിക, കാരുണ്യ മേഖലകളിൽ വളരെ സജീവമായിരുന്നു. നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു. തന്റെ കുടുംബത്തിനെ പോറ്റുന്നതോടൊപ്പം മറ്റ് കുടുംബത്തിലെ കഷ്ടപ്പാടുകൾ പരിഹരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മൂന്ന് പതിറ്റാണ്ടിന്റെ സർവിസിൽ കമ്പനിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അദ്ദേഹം പങ്കാളിയായി. ഇതിനിടയിൽ പല വർഷങ്ങളിലും ജോലി മികവിനുള്ള അംഗീകാരമായി മികച്ച എംപ്ലോയിക്കുള്ള അവാർഡുകൾ അദ്ദേഹത്തെ തേടി വന്നു. യു.എ.ഇയിലെ ഒട്ടുമിക്ക പ്രവാസി സംഘടനകളിലും പ്രവർത്തിച്ച അദ്ദേഹം എരമംഗലം പ്രവാസി കൂട്ടായ്മ സ്ഥാപക അംഗം, എരമംഗലം മഹല്ല് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സ് സ്ഥാപക അംഗം, നിലവിലെ ഉപദേശക സമിതി അംഗം, ടീം കളത്തിൽ പടി കൂട്ടായ്മ സ്ഥാപക ചെയർമാൻ, ഇൻകാസ് അജ്മാൻ അസോസിയേഷൻ ഭാരവാഹി, ഐ.എൻ.സി എരമംഗലം പ്രവാസി അസോസിയേഷൻ മുതിർന്ന അംഗം, ഐ.ഒ.സി അജ്മാൻ പ്രവാസി അസോസിയേഷൻ അംഗം എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.
പ്രവാസ ജീവിതത്തിനിടയിൽ മൂന്ന് പെൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാനും സാധിച്ചു. അതിൽ രണ്ടുപേർ യു.എ.ഇയിൽ തന്നെ അധ്യാപകരാണ്. മൂന്നാമത്തെ മകൾ കോഴിക്കോട് ബിരുദത്തിന് പഠിക്കുന്നു. പ്രവാസ ലോകത്തുനിന്നും യാത്ര തിരിക്കുന്ന അദ്ദേഹത്തിന് ജോലി അനുഷ്ഠിച്ച കമ്പനിയും സുഹൃത്തുക്കളും വിവിധ സംഘടനകളും ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. പുതിയിരുത്തി സ്വദേശിനി സാബിറയാണ് ഭാര്യ. മക്കൾ സുമയ്യ, സുനൈന, ഷമീമ. മരുക്കൾ: അബൂബക്കർ, ഷജീബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

