സി.സി.ടി.വി കാമറയിൽ കുടുങ്ങിയ മോഷ്ടാക്കൾക്ക് തടവ്
text_fieldsദുബൈ: ജുമൈറയിലെ സ്റ്റോറിൽനിന്ന് മോഷ്ടിക്കുന്നതിനിടെ സി.സി.ടി.വി കാമറയിൽ കുടുങ്ങിയ രണ്ട് ഏഷ്യൻ ജീവനക്കാർക്ക് മൂന്നുമാസം തടവും 1.70 ലക്ഷം ദിർഹം പിഴയും.
ശിക്ഷക്കുശേഷം ഇവരെ നാടുകടത്തും. കോഓപറേറ്റിവ് സൊസൈറ്റിയിൽനിന്ന് 1.70 ലക്ഷം ദിർഹമിന്റെ ഉൽപന്നങ്ങൾ കവർന്നവരെയാണ് സി.സി ടി.വി കുടുക്കിയത്.
സ്ഥാപനത്തിലെ ജീവനക്കാർ തന്നെ മോഷണം നടത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സുരക്ഷ ജീവനക്കാരാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.സി.ടി.വി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചത്. മോഷ്ടിച്ച സാധനങ്ങൾ ഒരാൾ ഒഴിഞ്ഞ വാട്ടർ ബോക്സിൽ നിറക്കുന്നതും വിഡിയോയിൽ കാണാം.
മറ്റൊരാൾ സ്റ്റോറിനുള്ളിലെത്തി ഇവ എടുത്തുകൊണ്ടുപോകുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. സാധനങ്ങൾ പുറത്തുകൊണ്ടുപോയി വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.