വില്ലകളിൽ മോഷണം നടത്തുന്ന നാലംഗ സംഘം പിടിയിൽ
text_fieldsദുബൈ പൊലീസിന്റെ പിടിയിലായ നാലംഗ മോഷണ സംഘം
ദുബൈ: വിവിധ സ്ഥലങ്ങളിൽ വില്ലകളിൽ മോഷണം നടത്തിയ നാലംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. ലാറ്റിനമേരിക്കൻ പൗരന്മാരായ സംഘം 20 ലക്ഷം ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും വാച്ചുകളും മോഷ്ടിച്ചിട്ടുണ്ടെന്നും ബാങ്ക് ഉപഭോക്താക്കളെയും കൊള്ളയടിക്കുന്നവരാണെന്നും അധികൃതർ വ്യക്തമാക്കി. വില്ല ഉടമകൾ അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകുന്ന സമയങ്ങളിലാണ് സംഘം മോഷണം നടത്തുന്നത്. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ച് മടങ്ങുകയായിരുന്ന ഇടപാടുകാരനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഇവർ അന്താരാഷ്ട്ര തലത്തിൽ വേരുകളുള്ള മാഫിയയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊലീസ് ആരംഭിച്ച ‘മൈക്രോസ്കോപ്പ് ഓപറേഷ’ന്റെ ഭാഗമായാണ് അറസ്റ്റ് സാധ്യമായത്. കുറ്റവാളി സംഘാംഗങ്ങളെ കൃത്യമായി മനസ്സിലാക്കിയ ശേഷം രാജ്യത്തിനകത്തും പുറത്തുമുള്ള അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് അറസ്റ്റ് ചെയ്തത്.
റെസിഡൻഷ്യൽ കോംപ്ലക്സിലെ വില്ലകളിൽ മോഷണം നടന്നതായി ഏഴ് റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മോഷണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ് തന്നെ മറ്റൊരു ഗൾഫ് രാജ്യത്തേക്ക് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ രക്ഷപ്പെട്ട പ്രതികളുടെ മടങ്ങിവരവ് വളരെ സൂക്ഷ്മമായി സി.ഐ.ഡി വിഭാഗം പരിശോധിച്ചു വരുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്യലിൽ സംഘാംഗങ്ങൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലും സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്നും ഇവർ ഏറ്റുപറഞ്ഞു. ഈ രാജ്യങ്ങളെ അറിയിക്കാൻ ഇന്റർപോളുമായി ദുബൈ പൊലീസ് ബന്ധപ്പെടുന്നുണ്ട്. യാത്രകൾക്കായി രാജ്യത്തിനകത്തേക്കോ പുറത്തേക്കോ പോകുന്നവർ വില്ലകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സർവയലൻസ് കാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് നിർദേശിച്ചു. ബാങ്കിൽ നിന്ന് പണമെടുത്ത് മടങ്ങുമ്പോൾ അധിക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ താമസക്കാരോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

