ആശ്വാസ വിമാനത്തിൽ അവരെത്തി
text_fieldsഷാർജയിലേക്കുള്ള വിമാനത്തിൽ നിധീഷ്, കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെ അനീസ് അലി
ദുബൈ: നൂറ് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആശ്വാസ വിമാനത്തിൽ മലയാളികൾ എത്തി. ആദ്യദിനം യാത്രികരുടെ എണ്ണം കുറവായിരുന്നു. ജി.ഡി.ആർ.എഫ്.എ, ഐ.സി.എ അനുമതിക്കായി കാത്തുനിൽക്കുന്നതിനാലാണ് പലരും ആദ്യദിനം ടിക്കറ്റെടുക്കാൻ മടിച്ചത്. അനുമതി ലഭിച്ചശേഷം ടിക്കറ്റെടുക്കാമെന്ന് തീരുമാനിച്ചവരാണ് ഭൂരിപക്ഷവും. വ്യാഴാഴ്ച പുലർച്ച കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിയവരിൽ പലർക്കും അനുമതി ലഭിച്ചിരുന്നില്ല. യാത്രചെയ്യാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു അധികൃതർ. എന്നാൽ, ഒരു മണിക്കൂറിന് ശേഷം പലർക്കും അനുമതി ലഭിച്ചു.
ഏപ്രിൽ 24ന് യാത്ര വിലക്ക് തുടങ്ങിയ ശേഷം ലക്ഷക്കണക്കിനാളുകളാണ് നാട്ടിൽ പെട്ടുപോയത്. മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന് ഭയന്നവരും മക്കളും രക്ഷകർത്താക്കളും യു.എ.ഇയിലുള്ളവരുമെല്ലാം ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യയിൽനിന്ന് വാക്സിനെടുത്തവർ ഇപ്പോഴും കാത്തിരിപ്പിലാണ്. ഇവർ ഖത്തർ, അർമേനിയ, ഉസ്ബകിസ്താൻ വഴി വരാനുള്ള ശ്രമം തുടങ്ങി. ആറ് മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ താമസ വിസക്കാർക്കും വരാൻ കഴിഞ്ഞിട്ടില്ല.
'വിമാനത്തിൽ 20 പേർ മാത്രം; അനുമതിയില്ലാത്തവരെ മടക്കിയയച്ചു'
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് കൊല്ലം കുണ്ടറ സ്വദേശി നിധീഷ് സാംബൻ യാത്ര ചെയ്തത്. വിമാനത്താവളത്തിൽ പുലർച്ച ആളുകളെത്തി. ഷാർജയിലേക്ക് യാത്രചെയ്യാൻ 65ഒാളം പേരാണ് ഉണ്ടായിരുന്നത്. എന്നാൽ, 20 േപർക്ക് മാത്രമാണ് എയർ അറേബ്യയിൽ യാത്ര ചെയ്യാൻ കഴിഞ്ഞതെന്ന് നിധീഷ് പറയുന്നു. പലരും ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരായിരുന്നു. ചിലർക്ക് ജി.ഡി.ആർ.എഫ്.എ, ഐ.സി.എ അനുമതി ലഭിച്ചിരുന്നില്ല. ഇതിനാൽ 40ഓളം പേരെ മടക്കിയയച്ചു. വിമാനത്തിൽ ആകെ 20 പേർ മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ 7.20ന് ഷാർജയിലെത്തി. ആദ്യ വിമാനങ്ങളിൽ എത്തിയവർക്ക് ക്വാറൻറീനായി റിസ്റ്റ് ബാൻഡ് നൽകുന്നുണ്ടായിരുന്നു.
എന്നാൽ, കൂടുതൽ യാത്രക്കാർ എത്തിയതോടെ ഇത് നിർത്തിവെച്ചു. ഞങ്ങളുടെ വിമാനത്തിലുള്ളവർക്ക് റിസ്റ്റ് ബാൻഡ് നൽകിയില്ല. ഒരു ദിവസത്തെ ക്വാറൻറീനാണ് നിർദേശിച്ചത്. ആദ്യദിനം ആയതിനാൽ നടപടിക്രമങ്ങൾക്ക് സമയമെടുത്തു. ഉച്ചക്ക് ശേഷമാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. ദുബൈ വിസയായതിനാൽ ജി.ഡി.ആർ.എഫ്.എയുടെ അനുമതിക്കായി നാലിന് രാവിലെയാണ് അപേക്ഷിച്ചത്. ഉച്ചയോടെ അനുമതി ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധന നിരക്ക് കൂടുതലാണ്. മറ്റ് വിമാനത്താവളങ്ങൾ 2500 വാങ്ങുേമ്പാൾ അവിടെ മാത്രം 3400 ആണ് നിരക്കെന്നും നിധീഷ് പറയുന്നു.
'ഖത്തർ വഴി ശ്രമിച്ചു; ദുബൈയിലേക്കുള്ള വഴി തെളിഞ്ഞു'
ഖത്തർ വഴി യാത്രക്ക് ശ്രമിച്ച് നടക്കാതെ വന്നപ്പോഴാണ് കോഴിക്കോട് രാമനാട്ടുകര മനശാന്തി ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലിക്ക് മുൻപിൽ ദുബൈയിലേക്കുള്ള വിമാന വാതിൽ തുറന്നത്. ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്ത വകയിൽ 4800 റിയാൽ നഷ്ടമായെങ്കിലും ദുബൈയിലെത്താൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് അദ്ദേഹം. കോഴിക്കോടിന് പുറമെ ഷാർജ സ്റ്റാർ കെയർ മെഡിക്കൽ സെൻററിലും ദോഹ നസീം അൽ റബീഹ് മെഡിക്കൽ സെൻററിലും സേവനം അനുഷ്ഠിക്കുന്ന അനീസ് അലിക്ക് ഖത്തർ വിസയുണ്ട്. ഇതുപയോഗിച്ച് ഖത്തർ വഴി യാത്ര ചെയ്യാം എന്ന പ്രതീക്ഷയിലാണ് 4800 റിയാൽ മുടക്കി ഹോട്ടൽ ക്വാറൻറീൻ ബുക്ക് ചെയ്തത്. എന്നാൽ, ഖത്തറിൽപോയിട്ട് ഒരുവർഷം ആയതിനാൽ റി എൻട്രി പെർമിറ്റ് എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. പലവഴിയിലൂടെയും നോക്കിയിട്ട് നടന്നില്ല. ഇതിനിടെയാണ് യു.എ.ഇക്ക് നേരിട്ട് യാത്ര ചെയ്യാം എന്ന വാർത്ത വരുന്നത്. ഉടൻ എമിറേറ്റ്സിൽ ബുക്ക് ചെയ്തു.
ഐ.സി.എ അനുമതിക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, കൗണ്ടറിലെത്തിയപ്പോൾ അവർ പറഞ്ഞു അനുമതി ലഭിച്ചിട്ടില്ലെന്ന്. അനുമതി ലഭിക്കാതെ പോകാൻ കഴിയില്ലെന്നും അവർ അറിയിച്ചു. സമാന അനുഭവമുള്ള പലരും അവിടെയുണ്ടായിരുന്നു. എന്നാൽ, ഒരുമണിക്കൂറിന് ശേഷം അനുമതി ലഭിച്ചതായി അറിയിപ്പ് വന്നു. അതേസമയം, നാട്ടിൽ നിന്ന് വാക്സിനെടുത്ത പലരും അവിടെ എത്തിയിരുന്നു. കോവാക്സിനും കോവിഷീൽഡും എടുത്തവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കൊന്നും യാത്രാ അനുമതി നൽകിയില്ല. രാവിലെ 7.30ന് ദുബൈയിലെത്തി. ഇവിടെ സാധാരണ പരിശോധന മാത്രമാണ് ഉണ്ടായിരുന്നത്. പി.സി.ആർ പരിശോധനക്ക് ശേഷം താമസ സ്ഥലത്തേക്ക് പോകാൻ അനുവദിച്ചെന്നും അനീസ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

