അവരിപ്പോൾ രണ്ടു മെയ്യാണ്; ശസ്ത്രക്രിയയിലൂടെ ക്രാനിയോപേഗസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി അബൂദബി ആശുപത്രി
text_fieldsമേഴ്സിയും ഗുഡ്നെസും മാതാപിതാക്കൾക്കൊപ്പം
അബൂദബി: മേഴ്സിയും ഗുഡ്നെസും. വേദനയോടെ ഒന്നായിരുന്ന അവർ സന്തോഷം ചിതറുന്ന രണ്ടു പേരാണിപ്പോൾ. രണ്ടു വർഷം മുമ്പ് അവരെ വിജയകരമായി വേർപെടുത്തിയ വിവരം ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി വെളിപ്പെടുത്തിയത് ഇപ്പോഴാണ്. അവസാന ശസ്ത്രക്രിയക്ക് ശേഷം ആ കുരുന്നുകൾ അന്ന് ആദ്യമായി മുഖാമുഖം കണ്ട സന്തോഷത്തിന് പിന്നിൽ, ആറ് മാസങ്ങളിലായി നടന്ന നാല് ശസ്ത്രക്രിയകളുടെ പിൻബലമുണ്ടായിരുന്നു.
ജീവിതത്തിന്‍റെ ആദ്യത്തെ 15 മാസം തലയോട്ടി ഒട്ടിപ്പിടിച്ച അവസ്ഥയിൽ കഴിഞ്ഞിരുന്ന നൈജീരിയൻ സഹോദരിമാരാണ് മേഴ്സിയും ഗുഡ്നെസും. അബൂദബിയിൽ നടന്ന സങ്കീർണമായ വേർപെടുത്തൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ സ്വതന്ത്രരായി ജീവിക്കുന്നു. ഏകദേശം രണ്ട് വർഷം മുമ്പാണ് ഈ ശസ്ത്രക്രിയ നടന്നതെങ്കിലും ഇപ്പോഴാണ് ആശുപത്രി അധികൃതർ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നത്. ആറ് മാസങ്ങളിലായി നടന്ന നാലു ശസ്ത്രക്രിയകളിൽ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറുപതിലധികം ഡോക്ടർമാരും സർജന്മാരും ക്ലിനിക്കൽ വിദഗ്ധരും പങ്കാളികളായി.
തലയോട്ടികൾ പരസ്പരം ഒട്ടിപ്പിടിച്ചും, മസ്തിഷ്ക കോശങ്ങളും രക്തക്കുഴലുകളും പിണഞ്ഞുകിടക്കുന്നതുമായ അവസ്ഥയിലാണ് മേഴ്സിയും ഗുഡ്നെസും ജനിച്ചത്. 'ക്രാനിയോപേഗസ് ട്വിന്നിംഗ്' എന്നറിയപ്പെടുന്ന ഈ അപൂർവ അവസ്ഥ കുട്ടികളുടെ ന്യൂറോ സർജറിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.
അത്യാധുനിക ഇമേജിങ്, വെർച്വൽ റിയാലിറ്റി പ്ലാനിങ്, 3ഡി-പ്രിന്‍റിങ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് ശസ്ത്രക്രിയക്ക് മുമ്പ് യു.എ.ഇ, യു.കെ, ബ്രസീൽ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധർ കുട്ടികളുടെ ശരീരഘടന കൃത്യമായി മനസ്സിലാക്കിയത്. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിലെ കൺസൾട്ടന്‍റ് പീഡിയാട്രിക് ന്യൂറോ സർജനും ‘ജെമിനി അൺട്വിൻഡ്’ സ്ഥാപകനുമായ പ്രഫസർ നൂറുൽ ഉവൈസ് ജീലാനിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയകൾ.
വേർപെടുത്തൽ ശസ്ത്രക്രിയക്ക് ശേഷം 3ഡി-പ്രിന്‍റഡ് ടൈറ്റാനിയം ഇംപ്ലാന്‍റുകൾ ഉപയോഗിച്ചാണ് തലയോട്ടി പുനർനിർമിച്ചത്. ശസ്ത്രക്രിയക്കുശേഷം യു.എ.ഇയിൽ തങ്ങളുടെ പുനരധിവാസ ചികിത്സകൾ പൂർത്തിയാക്കിയ പെൺകുട്ടികൾ പിന്നീട് കുടുംബത്തോടൊപ്പം നൈജീരിയയിലേക്ക് മടങ്ങി.
ഗൾഫ് മേഖലയിൽ ക്രാനിയോപേഗസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തുന്ന ആദ്യ ശസ്ത്രക്രിയയാണിതെന്ന് അധികൃതർ അറിയിച്ചു. തങ്ങളുടെ അന്താരാഷ്ട്ര സംഘം ഏറ്റെടുത്ത ഏറ്റവും സങ്കീർണമായ കേസുകളിൽ ഒന്നാണിതെന്നും വിപുലമായ ആസൂത്രണവും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനവും ആവശ്യമായി വന്നതായും ഡോ. ജീലാനി വിവരിച്ചു.
ഒട്ടിപ്പിടിച്ച ഇരട്ടക്കുട്ടികളിൽ ഏറ്റവും അപൂർവ വിഭാഗമാണ് ക്രാനിയോപേഗസ് ഇരട്ടകൾ. ലോകത്ത് ഇത്തരം കേസുകൾ വളരെ അപുർവമാണ്. ഒരേ രക്തക്കുഴലുകളും മസ്തിഷ്ക ഘടനകളും പങ്കിടുന്നതിനാൽ, ഇവരുടെ വേർപെടുത്തൽ ശസ്ത്രക്രിയകൾക്ക് മാസങ്ങളോ വർഷങ്ങളോ നീണ്ട തയാറെടുപ്പുകൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

